Image: Kerala High Court, Manorama
സംസ്ഥാനത്ത് നിയമാനുസൃത അനുമതിയില്ലാതെ വാക്വം ഹോം ലിഫ്റ്റുകൾ സ്ഥാപിക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലിഫ്റ്റുകൾ സ്ഥാപിക്കാൻ യാതൊരു നിയമപരമായ അനുമതിയും നിലവിലില്ലെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചുകൊണ്ടാണ് നടപടി. കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർണായക ഇടപെടൽ. അനുമതിയില്ലാതെ കൂടുതൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് തടയാൻ സ്വീകരിച്ചിട്ടുള്ള മറ്റ് നടപടികൾ എന്തൊക്കെയാണെന്ന് വിശദമായി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
ഹർജിക്കാരുടെ വാദം:
കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് ആക്ട്, 2013 പ്രകാരം സംസ്ഥാനത്ത് ലിഫ്റ്റുകൾ നിർമിക്കാനും സ്ഥാപിക്കാനും പരിപാലിക്കാനും അംഗീകൃത നിർമ്മാതാക്കൾക്കും ആവശ്യമായ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്കും മാത്രമാണ് അനുമതി. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരമുള്ള 40 ഓളം നിർമ്മാതാക്കളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എന്നാൽ കൊച്ചി ആസ്ഥാനമായുള്ള നിഭവ് ലിഫ്‌റ്റ്‌സ് ലൈസൻസ് ഇല്ലാതെയാണ് വാക്വം ഹോം ലിഫ്റ്റുകൾ വീടുകളിലും പിന്നീട് മാളുകളിലും വില്ലകളിലും വരെ സ്ഥാപിച്ചിരിക്കുന്നത്. "വാക്വം ഹോം ലിഫ്റ്റുകൾക്ക് ലൈസൻസ് ആവശ്യമില്ല" എന്ന തെറ്റായ പ്രചാരണം നടത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു. ഇത് പൊതുസുരക്ഷയെയും നിലവിലുള്ള നിയമങ്ങളെയും വെല്ലുവിളിക്കുന്ന സാഹചര്യമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
സർക്കാർ നിലപാട്:
നിഭവ് ലിഫ്റ്റ്‌സ് അനധികൃതമായി ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്ഥാപനത്തിന് ഇത്തരം ലിഫ്റ്റുകൾ സ്ഥാപിക്കാൻ യാതൊരു അനുമതിയും നൽകിയിട്ടില്ല. നിഭവ് ലിഫ്‌റ്റ്സ് സ്ഥാപിച്ച ലിഫ്റ്റുകൾക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കണമെന്ന് സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
തുടർന്നാണ്, അനുമതിയില്ലാതെ കൂടുതൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് തടയാൻ സ്വീകരിച്ചിട്ടുള്ള മറ്റ് നടപടികൾ എന്തൊക്കെയാണെന്ന് ഒക്ടോബർ ഒന്നിനകം വിശദീകരിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്