police-search-ai

TOPICS COVERED

സ്ത്രീയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.‌‌ 26 കാരിയായ യുവതിയുടെ കിടപ്പുമുറിയിൽ രാത്രി 11:30യ്​ക്ക് വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ അതിക്രമിച്ചു കയറിയതും, മൊബൈൽ ഫോൺ പിടിച്ചെടുത്തതും സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 

നഷ്ടപരിഹാരമായി ഇരയായ സ്ത്രീക്ക് 10,000 രൂപ നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. ഈ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. രണ്ടു മാസത്തിനകം 10,000 രൂപ നഷ്ടപരിഹാരം മഹാരാഷ്ട്ര സർക്കാർ ഹർജിക്കാരിക്ക് നൽകണം. ഈ സമയപരിധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പ്രതിവർഷം 8% പലിശ സഹിതം നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ദമ്പതികളായ ഖുശ്ബു, ഇദ്രിഷ് ഖാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. 

ഒരു കാർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് രാത്രി 11:30 ഓടെ സില്ലേവാഡയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഈ കേസിൽ ഹർജിക്കാരിയോ ഭർത്താവോ പ്രതിപ്പട്ടികയിൽ ഉള്ളവരായിരുന്നില്ല. യാതൊരു മുൻകൂർ നോട്ടീസും നൽകാതെ വീട്ടിൽ അതിക്രമിച്ചു കയറിയ പൊലീസ്, സ്ത്രീയുടെ കിടപ്പുമുറിയിൽ പ്രവേശിക്കുകയും ചോദ്യം ചെയ്യലിന് ശേഷം  മൊബൈൽ ഫോൺ നിർബന്ധപൂർവ്വം പിടിച്ചെടുക്കുകയുമായിരുന്നു. 

അന്വേഷണത്തിന്റെ പേരിലുള്ള പരിശോധനക്കിടെ പല സുപ്രധാന വകുപ്പുകളും പൊലീസ് ലംഘിച്ചതായി കോടതി കണ്ടെത്തി. വാറണ്ടില്ലാതെ പരിശോധന നടത്തുന്നതിന് മുൻപ് അതിന്റെ കാരണങ്ങൾ രേഖാമൂലം എഴുതി നല്‍കിയില്ല. കൂടാതെ ഇത്തരം പരിശോധനകൾ ഓഡിയോ-വിഡിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി റെക്കോർഡ് ചെയ്യണമെന്ന നിയമവും പാലിച്ചില്ല. പരിശോധനാ വിവരങ്ങൾ 48 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് കൈമാറിയതുമില്ല. ഫോൺ പിടിച്ചെടുക്കുന്ന സമയത്ത് കൃത്യമായ സാക്ഷിയുടെ സാന്നിധ്യത്തിലോ, നിയമപരമായ രസീത് നൽകിയോ അല്ല പൊലീസ് പ്രവർത്തിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് സ്വകാര്യതയ്ക്കുള്ള അവകാശം എന്ന് കോടതി ഓർമ്മിപ്പിച്ചു. ഒരു സ്ത്രീയുടെ കിടപ്പുമുറിയിലേക്ക് രാത്രികാലങ്ങളിൽ അതിക്രമിച്ചു കയറുന്നത് ഈ അവകാശത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. പൊലീസിന്റെ നടപടികൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച കോടതി, പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉടനടി സ്ത്രീക്ക് തിരികെ നൽകാൻ ഉത്തരവിട്ടു.

ENGLISH SUMMARY:

Bombay High Court criticism of police raid in a woman's bedroom highlights a significant privacy violation. The court ordered the Maharashtra government to pay compensation and return the confiscated mobile phone immediately.