'കൈക്കൂലിക്കേസില്‍ പിടിച്ചെടുത്ത 10,000 രൂപയുടെ കറന്‍സി നോട്ടുകള്‍ എലി തിന്നു' ! ബിഹാര്‍ പൊലീസിന്‍റെ ഈ വിശദീകരണം കേട്ട് സുപ്രീം കോടതി ‍ഞെട്ടി.  ബിഹാറിലെ അഴിമതിക്കേസിൽ പ്രതിയായ സർക്കാർ മുൻ ഉദ്യോഗസ്ഥയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീം കോടതി വിചിത്രമായ വിശദീകരണം കേട്ട് ഞെട്ടല്‍ രേഖപ്പെടുത്തിയത്.  

ബിഹാറില്‍ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസറായിരുന്ന അരുണ കുമാരിയെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയതാണ് കേസ്.   2019ലെ കേസില്‍ സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പിടിച്ചെടുത്ത പണം കവറുകളിലാക്കി  തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് സൂക്ഷിച്ചിരുന്നത്. അവിടെവച്ച് നോട്ടുകെട്ടുകള്‍ എലികൾ നശിപ്പിച്ചു എന്നാണ് പൊലീസിന്‍റെ വാദം.  

പൊലീസിന്‍റെ വിശദീകരണം അവിശ്വസനീയമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പാർദിവാലയും കെ.വി.വിശ്വനാഥനുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.  ''കറൻസി നോട്ടുകൾ എലികൾ നശിപ്പിച്ചു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു, ഈ വിശദീകരണം വിശ്വാസയോഗ്യമല്ല. പിടിച്ചെടുത്ത പണം നശിപ്പിക്കപ്പെടുന്നത് ബിഹാർ സർക്കാരിന് വലിയ വരുമാന നഷ്ടവുമാണ്'' ‍‍ബെഞ്ച് നിരീക്ഷിച്ചു.  കേസിലെ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടത് ഗൗരവതരമാണ്, സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാത്തതിനാൽ ഇത്തരത്തിൽ എത്രത്തോളം പണംനഷ്ടപ്പെടുന്നുണ്ടാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. കേസില്‍ അരുണ കുമാരിയുടെ നാല് വർഷത്തെ ശിക്ഷ മരവിപ്പിച്ച സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 

കേസിന്‍റെ വിചാരണ വേളയിലും പ്രൊസിക്യൂഷന് കൈക്കൂലിപ്പണം കോടതിയിൽ ഹാജരാക്കാനായിരുന്നില്ല.  അതിനാല്‍ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി അരുണ കുമാരിയെ വെറുതെ വിട്ടിരുന്നു.  തുടര്‍ന്ന് ബിഹാര്‍ സർക്കാർ നല്‍കിയ അപ്പീലില്‍ പട്ന ഹൈക്കോടതി വിചാണക്കോടതി വിധി റദ്ദാക്കി അരുണ കുമാരി കുറ്റക്കാരിയാണെന്ന് വിധിച്ചു.  തെളിവുമുറിയിലെ മോശം സാഹചര്യങ്ങൾ കാരണം പണം നശിപ്പിക്കപ്പെട്ടത് കേസിനെ ബാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.   കൊലപാതക കേസിൽ മൃതദേഹം ലഭിച്ചില്ലെങ്കിലും മറ്റ് തെളിവുകള്‍ കണക്കിലെടുത്ത് ശിക്ഷിക്കാം, അതുപോലെ അഴിമതിക്കേസില്‍ പണം നേരിട്ട് ഹാജരാക്കിയില്ലെങ്കിലും ശിക്ഷിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിക്കെതിരെ അരുണ കുമാരി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിച്ചത്.  പണം എലി നശിപ്പിച്ചെന്ന വിഷയം വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

ENGLISH SUMMARY:

The Supreme Court was shocked by a bizarre explanation in a bribery case where Bihar police claimed rats ate the seized 10,000 rupees. This surprising development occurred while considering the bail plea of a former government official involved in a corruption case.