stray-dogs

TOPICS COVERED

സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളിൽ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. നായ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മാതൃകയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്കായി വാദിക്കുന്ന മൃഗസ്നേഹികൾ അവയെ ഏറ്റെടുക്കാൻ തയാറാണോ എന്നും കോടതി ചോദിച്ചു. 

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. നായ്ക്കളുടെ കടിയേറ്റവർക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും മനസിലാകൂയെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു. തെരുവുനായ ആക്രമണം മൂലം ഉറ്റവരെ നഷ്ടപ്പെട്ടവരുണ്ട്. ആളുകൾക്ക് രാവിലെ നടക്കാൻ പോകാൻ പോലും കഴിയുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാവൂ. മനുഷ്യരും മൃഗങ്ങളും സഹവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം കൊടുത്തേ മതിയാകൂ. കടിയേറ്റവരിൽ വാക്സിന്‍ എടുത്ത കുട്ടികൾ പോലും മരിക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. 

വന്യമൃഗ ആക്രമണങ്ങളെപ്പോലെ തെരുവുനായ ആക്രമണവും പരിഗണിക്കണം. 9000ത്തോളം അപേക്ഷകൾ നഷ്ടപരിഹാരത്തിനായി കെട്ടിക്കിടക്കുന്നു. എന്നാൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നിട്ടില്ലെന്നും കോടതി വിമർശിച്ചു. തുടർന്ന് നായ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മാതൃകയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്കായി വാദിക്കുന്ന മൃഗസ്നേഹികൾ അവയെ ഏറ്റെടുക്കാൻ തയാറാണോ എന്ന് കോടതി ആരാഞ്ഞു. നായ്ക്കളുടെ ആക്രമണത്തില്‍ എന്താണ് പരിഹാരമെന്നും കേസിൽ കക്ഷിചേരാൻ എത്തിയ മൃഗസ്‌നേഹിയോട് ഹൈക്കോടതി ചോദിച്ചു. തെരുവു നായയുടെ കടിയേറ്റാൽ നായകളുടെ പരിപാലകർക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു. തെരുവുനായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്ന് അറിയിക്കണമെന്നും ഡിജിപിയോട് നിർദേശിച്ചു. 

ENGLISH SUMMARY:

The High Court has issued a strong directive, forming a committee to provide compensation to victims and questioning the accountability of animal lovers.