കുഞ്ഞുസെബിയയ്ക്ക് സിയ അമ്മയും സഹദ് അച്ഛനുമാണ്. എന്നാല്‍ ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവര്‍ക്കും 'മാതാപിതാക്കളെന്ന അംഗീകാരം ലഭിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍റെയും അമ്മയുടെയും പേര് പ്രത്യേകം നല്‍കാതെ മാതാപിതാക്കള്‍ എന്ന് രേഖപ്പെടുത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത് വിവേചനകളുടെ ലോകത്ത് പുതുപ്രതീക്ഷയേകുകയാണ്.
സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ ആളാണ് സഹദ്. സിയ ആകട്ടെ പുരുഷനായി ജനിച്ച് സ്ത്രീയായി മാറി വ്യക്തിയും. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഒരു കുഞ്ഞ് എന്ന മോഹമുണ്ടായി. ആദ്യമൊരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിയമം വെല്ലുവിളിയായെങ്കിലും തോറ്റുപിന്മാറിയില്ല. കുഞ്ഞെന്ന സ്വപ്നത്തിനായി സഹദ് പുരുഷനാകാനുള്ള ഹോര്‍മോണ്‍ ചികിത്സ പാതിവഴിയില്‍ നിര്‍ത്തി. സ്തനങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കിലും ഗര്‍ഭപാത്രം സഹദ് നീക്കം ചെയ്തിരുന്നില്ല. 2023 ഫ്രെബുവരിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സഹദ് കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കാളായി സഹദ്– സിയ ദമ്പതികള്‍ മാറി.
എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റിനായി കോഴിക്കോട് കോര്‍പ്പറേഷനില്‍ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയുടെ ബയോളജിക്കല്‍ മാതാവായ സഹദ് ട്രാന്‍സ്‌മാന്‍ ആണ്. എന്നാല്‍ പിതാവിന്‍റെ പേരായി സഹദിന്‍റെ പേര് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു കോര്‍പ്പറേഷന്‍റെ വിശദീകരണം. എന്നാല്‍ മാതാവിന്‍റെ പേരിന്‍റെ സ്ഥാനത്ത് സഹദിന്‍റെ പേര് നല്‍കുന്നത് കുട്ടിയുടെ മറ്റുതിരിച്ചറിയല്‍ രേഖകളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സിയയും സഹദും സമീപിച്ചു.
ഇതോടെയാണ് അച്ഛന്‍റെയും അമ്മയുടെയും പേര് പ്രത്യേകം നല്‍കാതെ മാതാപിതാക്കള്‍ എന്ന് രേഖപ്പെടുത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. പുതിയ സര്‍ട്ടിഫിക്കറ്റ് രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നും കോഴിക്കോട് കോര്‍പ്പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോഴിക്കോട് തൊണ്ടയാട് സ്വദേശിയായ സിയ ഡാന്‍സ് ടീച്ചറാണ്. തിരുവനന്തപുരം സ്വദേശിയായ സഹദ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വക്കീലായ പത്മലക്ഷ്മിയാണ് ദമ്പതികള്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.