ഒട്ടും പരിചിതമല്ലാത്ത ഒരു കോളേജ് ക്യാംപസിലേക്ക് എത്തുന്ന ജൂനിയർ വിദ്യാർത്ഥികൾക്ക് മേൽ സീനിയർ വിദ്യാർത്ഥികൾ കാട്ടുന്ന അധികാരപ്രയോഗമാണ് റാഗിംഗ്. കഴിഞ്ഞ ദിവസം കോട്ടയം ഗാന്ധിനഗർ ഗവൺമൻറ് നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരിട്ട ക്രൂരമായ റാഗിങ്ങിന്‍റെ വിഡിയോകള്‍ പുറത്തുവന്നതോടെ വീണ്ടും കലാലയങ്ങളിലെ റാഗിങ് സജീവ ചർച്ചാവിഷയമാവുകയാണ്...
റാഗിങ്ങിനെതിരെ കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും വകവയ്ക്കാന്‍ പലക്യാംപസുകളിലും മുതിര്‍ന്നവിദ്യാര്‍ഥികള്‍ തയ്യാറാകുന്നില്ല. അതിനുദാഹരണമാണ് കോട്ടയത്തെയും കാര്യവട്ടത്തെയും സംഭവ പരമ്പരകള്‍. ജീവനെടുക്കുന്ന ഈ ക്രൂരത പാടേ നിരോധിക്കാൻ വേണ്ടിയാണ് ‘പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് ‘ കൊണ്ടുവന്നത്. റാഗിംങ് തടയുക എന്ന ഉദ്ദേശ്യത്തോടെ 1998 ഒരു ദ്വിതല സംവിധാനമായാണ് നിയമം ആദ്യമായി പാസാക്കിയ തമിഴ്‌നാട് സർക്കാര്‍ കൊണ്ടുവന്നത്.
അതി ദാരുണമായ ഒരു സംഭവമാണ് പ്രൊഹിബിഷൻ ഓഫ് റാഗിംങ് ആക്ട് നിലവിൽ വരാൻ കാരണമായത്. തമിഴ്‌നാട്ടിലാണ് ഈ ക്രൂരത അരങ്ങേറിയത്. മദ്രാസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന പി.കെ പൊന്നുസ്വാമിയുടെ മകൻ നവരസുവിന്‍റെ മരണമാണ് ഈ നിയമനിർമാണത്തിലേക്ക് വഴിതെളിച്ചത്.
1996ലാണ് സംഭവം. തമിഴ്‌നാട് ചിദംബരം ജില്ലയിലെ രാജ മുത്തയ്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നവരസു. ദീപാവലി അവധി ആഘോഷിക്കാൻ വീട്ടിൽ എത്തുമെന്ന് അറിയിച്ച മകനെ കാത്തിരുന്ന മാതാപിതാക്കൾക്ക് നിരാശയായിരുന്നു ഫലം. മകൻ എത്തേണ്ട സമയവും കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അച്ഛൻ പൊന്നുസ്വാമി മകനെ തേടി ഇറങ്ങി.
കോളേജിലും ഹോസ്റ്റലിലും മകന്‍റെ കൂട്ടുകാരുടെയും വീടുകളിൽ കയറി ഇറങ്ങി പൊന്നുസ്വാമി മകനെ തിരഞ്ഞു. ഒരിടത്തും മകനെ കണ്ടെത്താനായില്ല. മനസ്സിലെവിടെയോ ഒരു ഭയം ഉടലെടുത്തു. തുടർന്ന് പൊന്നുസ്വാമി വീട്ടിലേക്കു മടങ്ങി. ദൂരെ എവിടെയെങ്കിലും പോയിരിക്കുകയായിരിക്കാമെന്നും തന്നോട് പറയാൻ മറന്നതാകും എന്നും സ്വയം ആശ്വസിച്ചു. പക്ഷേ സമയം ഏറെ കടന്നുപോയിട്ടും മകന്‍റെ വിവരമൊന്നുമുണ്ടായില്ല. കോളേജിൽ നിന്നോ ഹോസ്റ്റലിൽ നിന്നോ മകന്‍റെ വിളിയുമെത്തിയില്ല. മകന് വല്ല അപകടവും സംഭവിച്ചോ എന്ന ആശങ്ക ആ പിതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
പൊലീസ് കോളേജിലും ഹോസ്റ്റലിലും അന്വേഷണം ആരംഭിച്ചചതിന്‍റെ തൊട്ടടത്ത ദിവസം ഇതേ കോളേജിലെ എം.ബി.ബി.എസ് സീനിയർ വിദ്യാർത്ഥിയായ ജോൺ ഡേവിഡ് നാടകീയമായി കോടതിയിൽ കീഴടങ്ങുി. നവരസുവിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു ജോൺ ഡേവിഡിന്‍റെ കീഴടങ്ങൽ. അപ്പോഴും നവരസുവിനെ കണ്ടെത്താൻ പൊലീസിനും കഴിഞ്ഞില്ല. താനും സംഘവും ചേർന്ന് റാഗ് ചെയ്‌തെന്ന് സമ്മതിച്ച ജോൺഡേവിഡ്, നവരസു എവിടെയെന്നു മാത്രം പറഞ്ഞില്ല. റാഗിംങ് ചെയ്തുവെന്ന ഏറ്റുപറച്ചിൽ പോലീസിന് സംശയം ബലപ്പെടുത്തി. ഇതോടെ പൊലീസ് ചോദ്യം ചെയ്യലിന്‍റെ രീതിമാറി. ചോദ്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ജോൺ ഡേവിഡ് സത്യം പറഞ്ഞു.നവരസുവിനെ ദീപാവലിക്ക് തലേന്ന് കൊലപ്പെടുത്തിയതായി ജോൺ ഡേവിഡ് സമ്മതിച്ചു.
അന്ന് ജോൺ ഡേവിഡ് പറഞ്ഞ കഥ കേട്ട് പൊലീസുകാർ പോലും വിറച്ചുപോയി. അതി ക്രൂരമായ റാഗിംങിനിടെയാണ് പൊൻ നവരസു കൊല്ലപ്പെട്ടത്. ഹോസ്റ്റൽ മുറിയിൽ നടന്ന റാഗിംങിനിടയിൽ തന്‍റെ ചെരുപ്പ് നക്കി തുടയ്ക്കാൻ ജോൺ ഡേവിഡ് ആജ്ഞാപിച്ചത് നവരസു നിരസിച്ചു. തുടര്‍ന്ന് നടന്നത് മൃഗതുല്യമായ പ്രവൃത്തികളായിരുന്നു. നവരസുവിനെ ജോണ്‍ ഡേവിഡും സംഘവും മണിക്കൂറുകളോളം പീഡിപ്പിച്ചു. റാഗിങ് ദീര്‍ഘിക്കും തോറും ഈ സംഘത്തിന് ഹരമേറിവന്നു. അതോടെ നവരസു തീര്‍ത്തും അവശനായി. ഒടുവില്‍ മൃഗീയ പീഡനം മരണത്തിലെത്തി. മൃതദേഹം പുറത്തുകാണിക്കാന്‍ പോലും വയ്യാത്ത രീതിയില്‍ വികൃതമായിരുന്നു. തുടര്‍ന്ന് ജോണ്‍ ഡേവിഡ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചു . ഇവ പല കവറുകളിലാക്കി ചെന്നൈ നഗരത്തിന്‍റെ പലഭാഗങ്ങളില്‍ ഉപേക്ഷിച്ചു.
ജോണ്‍ ഡേവിഡിനെയും കൂട്ടുകാരയും പൊലീസ് അറസ്റ്റ് ചെയ്തു . വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. നവരസുവിന്‍റെ കൊലപാതകത്തിൽ ജോൺ ഡേവിഡ് ശിക്ഷിക്കപ്പെടുകയും ചെയ്തു. 1998 മാർച്ച് 11ന് കടലൂർ ജില്ലാ സെഷൻസ് കോടതി ജോൺഡേവിന് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, മതിയായ തെളിവുകളോ, സാക്ഷിമൊഴിയോ ഇല്ലാതിരുന്ന കേസായതിനാൽ മദ്രാസ് ഹൈക്കോടതി 2001 ഒക്ടോബർ 5ന് വിധി റദ്ദാക്കി ഇയാളെ കുറ്റവിമുക്തനാക്കി. തുടർന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി 2011 ഏപ്രിൽ 20ന് സുപ്രീം കോടതി റദ്ദാക്കി. കീഴ്ക്കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തതോടെ ജോൺഡേവിഡ് വീണ്ടും ജയിലഴിക്കുള്ളിലായി. ഇരട്ട ജീവപര്യന്തം ഒന്നിച്ച് അനുഭവിക്കണമെന്നായിരുന്നു കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധിച്ചത്. ഈ സംഭവം മെഡിക്കൽ മേഖലയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സ്വകാര്യ മെഡിക്കൽ എഞ്ചിനീറിംഗ് പഠനത്തിനായി മക്കളെ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് അയച്ച കുടുംബങ്ങളെല്ലാം ഭീതിയിലായി. തമിഴ്‌നാട്ടിൽ നടന്ന കൊലപാതകമാണെങ്കിൽ പോലും അത്, നടുക്കം സൃഷ്ടിച്ചത് രാജ്യത്താകെയാണ്.
അന്ന് തമിഴ്നാട് ഭരിച്ചിരുന്ന ജയലളിത സർക്കാർ കോളേജുകളിൽ നടക്കുന്ന നിയമവിരുദ്ധ റാഗിംങിനെതിരേ ശക്തമായ നടപടി എടുക്കാൻ പൊലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും നിർദ്ദേശം നൽകി. ഇതേ തുടർന്ന് റാഗിംങിനെതിരേ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ജയലളിതാ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. പിന്നാലെ വന്ന കരുണാനിധി സർക്കാർ റാഗിംങ് വിരുദ്ധ ഓർഡിനൻസ് നിയമമാക്കി മാറ്റി. അങ്ങനെ ഇന്ത്യയിൽ ആദ്യമായി റാഗിംങ് നിരോധന നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.
ഈ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി തമിഴ്‌നാട് മാറുകയും ചെയ്തു. ഈ നിയമം പിൻതുടര്‍ന്ന് മറ്റു പല സംസ്ഥാനങ്ങളും റാഗിംങ് വിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്. കലാലയങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും റാഗിങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തില്‍ കേരളവും കടുത്ത നിയമനിര്‍മാണം നടത്തി. പക്ഷേ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളത്തില്‍ റാഗിങ് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കോട്ടയം സംഭവം ഇതിനൊരു മാറ്റം വരുത്തുമോഎന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.