AI Generated Image
സ്വകാര്യബസില്‍ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം. കര്‍ണാടക സ്വദേശിയായ ദീപിക സുവര്‍ണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. ബസ് ഉടമയും റെഡ് ബസ് ആപ്പും ചേര്‍ന്ന് വേണം തുക നല്‍കാനെന്നും കോടതി വ്യക്തമാക്കി.
പ്രശസ്ത ടെലിവിഷന്‍ ഷോ ആയ രാജാ–റാണിയില്‍ പങ്കെടുക്കുന്നതിനായി ദീപികയും ഭര്‍ത്താവ് ശോഭാരാജും മംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. റെഡ് ബസിന്‍റെ ആപ്പ് വഴിയാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. സീ ബേര്‍ഡ് ട്രാവല്‍സിന്‍റെ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദീപികയ്ക്ക് സീറ്റില്‍ നിന്നും മൂട്ടകടിയേല്‍ക്കുകയായിരുന്നു. ശരീരമാകെ തടിച്ച് പൊങ്ങിയതിനെ തുടര്‍ന്ന് ചികില്‍സയും തേടേണ്ടി വന്നു. ഇതോടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ആകെ അലങ്കോലപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
പ്രാഥമികാന്വേഷണത്തില്‍ ബസ് ഓപറേറ്ററും നിലവാരമില്ലാത്ത ബസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.18,650 രൂപ പിഴ ഇനത്തിലും 850 രൂപ ടിക്കറ്റിന്‍റെ പണവും 10000 രൂപ നിയമ നടപടികള്‍ സ്വീകരിച്ച ഇനത്തില്‍ ചെലവായ തുകയും കണക്കാക്കിയാണ് 1.29 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടത്.