രാജ്യത്ത് നിയമം അന്ധമല്ലെന്ന എന്ന സന്ദേശവുമായി കോടതി മുറികളില്‍ ഇനി നീതിദേവത കണ്‍തുറന്നു നില്‍ക്കും. വലതുകൈയിലെ തുല്യതയുടെ തുലാസും ഇടതുകൈയില്‍ വാളിനു പകരം ഇന്ത്യന്‍ ഭരണഘടനയുമേന്തിയാണ് പുതിയ പ്രതിമ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ ഉത്തരവനുസരിച്ചാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.
നിയമത്തിന് മുന്നിൽ സമത്വത്തെ പ്രതിനിധീകരിക്കാനായിരുന്നു നീതിദേവതയുടെ കണ്ണുകളെ മറച്ചുവച്ചിരുന്നത്. കോടതികൾക്ക് മുന്നിലെത്തുന്നവരുടെ സമ്പത്ത്, അധികാരം എന്നിവ കാണാതെ, പരിഗണിക്കാതെ വിധി പറയുന്നതായിരുന്നു ഇത് സൂചിപ്പിച്ചിരുന്നത്. അതേസമയം ഇടതുകയ്യിലെ വാള്‍ അനീതിയെ ശിക്ഷിക്കാനുള്ള അധികാരത്തിന്‍റെ പ്രതീകമായിരുന്നു.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ലൈബ്രറിയിലാണ് പുതിയ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തിലെ അടയാളങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി നേരത്തെ ഇന്ത്യന്‍ പീനല്‍ കോഡിനെ ഭാരതീയ ന്യായ സംഹിതയാക്കി മാറ്റിയിരുന്നു. ഈ ശ്രമത്തിന്‍റെ തുടര്‍ച്ചയാണ് പുതിയ പ്രതിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് ജസ്റ്റിസിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ പറയുന്നു. കൂടാതെ പരമ്പരാഗത പാശ്ചാത്യ വസ്ത്രത്തിന് പകരമായി ഇന്ത്യൻ സാംസ്കാരത്തെ പ്രതിനിധീകരിക്കുന്നതിനായി സാരിയും ആഭരണങ്ങളും ധരിച്ചാണ് പുതിയ പ്രതിമ.
‘നിയമം ഒരിക്കലും അന്ധമല്ല, അത് എല്ലാവരേയും തുല്യമായി കാണുന്നു. പ്രതിമയുടെ കൈയിൽ ഭരണഘടന ഉണ്ടായിരിക്കണം, വാളല്ല. അത് നീതി നടപ്പാക്കുന്നു എന്ന സന്ദേശം രാജ്യത്തിന് നല്‍കും. വാള്‍ അക്രമത്തിന്‍റെ പ്രതീകമാണ്. കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണ്’, ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.