bulldozer-supremecourt

പൊതുജനങ്ങളുടെ സുരക്ഷയാണ് ജനാധിപത്യ രാജ്യത്തില്‍ പരമപ്രധാനമെന്ന് സുപ്രീംകോടതി. കുറ്റവാളികള്‍ക്കെതിരായ 'ബുള്‍ഡോസര്‍' നടപടികളെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. പൊതുസുരക്ഷയ്ക്ക് വിഘാതമാകുന്ന തരത്തില്‍ റോഡുകളും റെയില്‍വേ ലൈനുകളും തടസപ്പെടുത്തുന്ന തരത്തില്‍ നിലനില്‍ക്കുന്ന അമ്പലമായാലും ദര്‍ഗകള്‍ ആയാലും പൊളിച്ച് നീക്കണമെന്നും കോടതി പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ മതം കലര്‍ത്തേണ്ടതില്ലെന്നും ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. 

കോടതി വിധികള്‍ ജാതി–മത ഭേദമെന്യേ എല്ലാവര്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു. റോഡിന് നടുവില്‍ ഗുരുദ്വാരയാണെങ്കിലും അമ്പലമാണെങ്കിലും പൊളിച്ചു നീക്കണമെന്നാണ് നിലപാട്. പൊതുജനങ്ങള്‍ക്ക് ശല്യമാകരുതെന്നും രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്‍പായി ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പ്രസിദ്ധീകരിക്കണമെന്നും നടപടിയുടെ സുതാര്യത ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

രാജ്യമെങ്ങും കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഉന്‍മൂലന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നുവരെ നിര്‍ത്തിവയ്ക്കണമെന്ന് സെപ്റ്റംബര്‍ 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നടപ്പാതകള്‍, പൊതുവഴികള്‍, റെയില്‍പാതകള്‍, ജലാശയങ്ങള്‍ എന്നിവയ്ക്കരികെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പുന്നതിന് ഈ ഉത്തരവ് ബാധകമായിരുന്നില്ല. 

അതേസമയം, ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത് കൊണ്ട് അയാളുടെ വീടും വസ്തുവകകളും ബുള്‍ഡോസറിന് ഇടിച്ച് നിരത്താമോ എന്ന ചോദ്യവും കോടതി സോളിസിറ്റര്‍ ജനറലിനോട് ഉന്നയിച്ചു. ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരെ പോലും അത്തരം നടപടി സ്വീകരിക്കരുതെന്നാണ് നയമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ മറുപടി. ശിക്ഷാനടപടിയെന്ന നിലയില്‍ ഇടിച്ചു നിരത്തലുകള്‍ നടത്തുന്നുവെന്ന ആരോപണത്തില്‍ വെറും രണ്ട് ശതമാനം മാത്രമാണ് വാസ്തവമുള്ളതെന്നും സോളിസിറ്റര്‍ ജനറല്‍ അവകാശപ്പെട്ടു.

ENGLISH SUMMARY:

Supreme Court says public safety is paramount. It says directions on bulldozer action will be irrespective of religion.