സൂഫിവര്യനായ ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ അജ്മീറിലെ ദര്‍ഗ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് കോടതി. ഹിന്ദുസേന പ്രസിഡന്‍റായ വിഷ്ണുഗുപ്തയെന്ന ആളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലാത്തതിനാല്‍ തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാതിരുന്നത്. ഒക്ടോബര്‍ പത്തിന് കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലം മുന്‍പ് ഹിന്ദുക്ഷേത്രമായിരുന്നുവെന്നും 'ഭഗവാന്‍ ശ്രീ സങ്കട്മോചന്‍ മഹാദേവ ക്ഷേത്രം' എന്ന പേരിലാണ് ഇത് അന്ന് അറിയപ്പെട്ടിരുന്നതെന്നും അതിന് മുകളിലാണ് ദര്‍ഗ പടുത്തുയര്‍ത്തിയതെന്നുമാണ് വിഷ്ണു ഗുപ്തയുടെ വാദം. നിലവില്‍ ദര്‍ഗയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നും ആരാധന നടത്താനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പ്രദേശത്തിന്‍റെ ശാസ്ത്രീയ സര്‍വെ നടത്തുന്നതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് വര്‍ഷത്തെ ചരിത്രഗവേഷണത്തിനടുവിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും ശിവക്ഷേത്രം തകര്‍ത്താണ് മുസ്ലിം ഭരണാധികാരികള്‍ ദര്‍ഗയുണ്ടാക്കിയതെന്ന് കണ്ടെത്തിയെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു. ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചതിന് പിന്നാലെ കോടതി മാറ്റാന്‍ അപേക്ഷ നല്‍കുമെന്നും ഗുപ്തയുടെ അഭിഭാഷകന്‍ പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്നും വസ്തുതാവിരുദ്ധമായ വാദങ്ങളാണ് നിരത്തിയിരിക്കുന്നതെന്നും അജ്മീര്‍ ദര്‍ഗയുടെ സൂക്ഷിപ്പുകാരനായ സയിദ് സര്‍വാര്‍ ചിഷ്തി പറഞ്ഞു. ദര്‍ഗയുടെ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളായി സമാധാനത്തിന്‍റെയും സ്വരച്ചേര്‍ച്ചയുടെയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ദര്‍ഗയെന്നും സമൂഹത്തെ ഭിന്നിപ്പിക്കാനും മതപരമായ സ്പര്‍ധ ജനിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ ഹര്‍ജിയെന്നും ചിഷ്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1991 ലെ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണ് ഹര്‍ജിയെന്ന് യുണൈറ്റഡ് മുസ്ലിം ഫോറം രാജസ്ഥാന്‍ പ്രസിഡന്‍റ് മുസാഫര്‍ ഭാരതിയും പറഞ്ഞു. ഇന്ത്യ സ്വതന്ത്രമായ സമയത്ത് ആരാധനാലയങ്ങള്‍ എങ്ങനെയാണോ നിലനിന്നത് അത് സംരക്ഷിക്കുന്നതാണ് 1991 ലെ നിയമം. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ നോക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഹര്‍ജിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ മന്ത്രാലയം തയ്യാറാകണമെന്നും രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഹര്‍ജിയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇറാനില്‍ ജനിച്ച സൂഫിവര്യനായ മൊയ്നുദ്ദിന്‍ ചിഷ്തി, ഇല്‍ത്തുമിഷ് സാമ്രാജ്യ കാലത്താണ് ഡല്‍ഹിയിലെത്തുന്നത്. അവിടെ നിന്നും അജ്മീറിലെത്തിയ അദ്ദേഹം അവിടെ താമസമാക്കി. ഏകദൈവ വിശ്വാസവും ദരിദ്രരോടും അശരണരോടുമുള്ള കരുണാപൂര്‍വമായ പെരുമാറ്റവും അദ്ദേഹം ഉദ്ഘോഷിച്ചു.ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള രാജാക്കന്‍മാരടക്കം അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നുവെന്നും രേഖകള്‍ പറയുന്നു.
ഖ്വാജ മൊയ്നുദീന്‍ ചിഷ്തിയുടെ മരണശേഷം ഗിയാസുദ്ദിന്‍ ഖില്‍ജിയാണ് ഇവിടെ ശവകുടീരം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കിയത്. മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണാണ് ദര്‍ഗ പണികഴിപ്പിച്ചത്. അജ്മീറിലെ ദര്‍ഗയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പതിനാലാം നൂറ്റാണ്ട് മുതല്‍ ലഭ്യമാണ്. മുഹമ്മദ് ബിന്‍ തുഗ്ലക് ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അക്ബര്‍ ചക്രവര്‍ത്തി പലതവണ എത്തിയിട്ടുണ്ടെന്നും ചരിത്ര രേഖകളും വ്യക്തമാക്കുന്നു