അഭിഭാഷകര്‍ എന്റോള്‍ ചെയ്യുമ്പോള്‍ തോന്നിയത് പോലെ ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 750 രൂപയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് 125 രൂപയുമാണ് ഫീസായി നിശ്ചയിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി.
പലപേരുകളില്‍ അമിതമായി ഫീസ് ഈടാക്കുന്നത് യുവ അഭിഭാഷകരുടെ മൗലികാവകാശത്തിന്‍മേലുള്ള വെല്ലുവിളിയാണെന്നും പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇത് മാനസികപ്രയാസമുണ്ടാക്കുന്നതാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു.
ചില സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകള്‍ 40,000 രൂപവരെ എന്റോള്‍മെന്റ് ഫീസായി ഈടാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, എന്റോള്‍മെന്റ് ഫീസില്‍ കാലാനുസൃതമായ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ബാര്‍ കൗണ്‍സില്‍ ഉയര്‍ത്തി. ഇതുവരെ എന്റോള്മെന്റിനത്തില് സ്വീകരിച്ച ഫീസ് തുക നിലവില്‍ നിശ്ചയിക്കപ്പെട്ടതനുസരിച്ച് ബാര്‍ കൗണ്‍സിലുകള്‍ മടക്കി നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.