Image Credit: http://dhc.nic.in/
യമുനാതീരത്ത് അനധികൃതമായി പണിത ക്ഷേത്രം പൊളിക്കാന്‍ അനുമതി നല്കി ഡല്‍ഹി ഹൈക്കോടതി. ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും യമുനാതീരം കയ്യേറ്റമൊഴിപ്പിച്ച് സുഗമമായി ഒഴുകാന്‍ അനുവദിച്ചാല്‍ അതാകും ഭഗവാനെ സന്തോഷിപ്പിക്കുകയെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്ഷേത്രം പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രാചീന് ശിവ് മന്ദിര്‍ അവം അഖാഡ സമിതി നല്കിയ ഹര്‍ജി തള്ളി ജസ്റ്റീസ് ധര്‍മേഷ് ശര്‍മയാണ് ഉത്തരവിട്ടത്. ഗീത കോളനിയിലെ താജ് എന്‍ക്ലേവിന് സമീപമാണ് അനധികൃതമായി പണിത ശിവക്ഷേത്രമുള്ളത്.
ദൈവത്തിന് മനുഷ്യന്റെ സംരക്ഷണം വേണ്ടെന്നും നമുക്കാണ് സംരക്ഷണം ആവശ്യമെന്നുമായിരുന്നു ഉത്തരവ് പുറപ്പെടുവിച്ച് അദ്ദേഹം വിശദീകരിച്ചത്. ക്ഷേത്രം ഭാരവാഹികളുടെ വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള ശ്രമമായാണ് കോടതിക്ക് ബോധ്യപ്പെട്ടതെന്നും അത് അംഗീകരിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു. മാത്രമല്ല, ഭഗവാന് ശിവന് വേണ്ടി ഹാജരായ സൊസൈറ്റി 2018ലാണ് റജിസ്റ്റര്‍ ചെയ്തതെന്നും അത് സംബന്ധിച്ച രേഖകളോ, ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളോ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും, ചരിത്ര പ്രാധാന്യമുണ്ടെന്ന് വാക്കാല്‍ പറഞ്ഞതല്ലാതെ തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.ക്ഷേത്രത്തില്‍ എന്നും പൂജാദികാര്യങ്ങള്‍ നടക്കുന്നുണ്ടെന്നതിനുമപ്പുറം മറ്റ് പ്രാധാന്യമുള്ളതായി തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അമ്പലത്തില്‍ നിന്നും വിഗ്രഹമുള്‍പ്പടെയുള്ളവ സുരക്ഷിതമായി മാറ്റുന്നതിന് 15 ദിവസത്തെ സമയം ഹൈക്കോടതി ഹര്‍ജിക്കാര്‍ക്ക് അനുവദിച്ചു. അത് യഥാസമയം നീക്കം ചെയ്യാന്‍ ട്രസ്റ്റ് തയ്യാറായില്ലെങ്കില്‍ ഡല്‍ഹി സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.