dilli-chalo-rally

PTI

ഡല്‍ഹിയെ പ്രതിഷേധക്കടലാക്കി ഇന്ത്യാസഖ്യത്തിന്റെ ചലോ ദില്ലി മഹാറാലി. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാംലീല മൈതാനിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ലക്ഷങ്ങള്‍ അണിനിരന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വോട്ടുകൊള്ള നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റാലിയില്‍ ആരോപിച്ചു.  മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ ജയിലില്‍ പോകുമെന്ന് പറഞ്ഞ രാഹുല്‍  ഗ്യാനേഷ് കുമാറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പരിഹസിച്ചു. വോട്ടുകൊള്ളയ്ക്കെതിരായ പ്രതിപക്ഷ സമരത്തിന്‍റെ ആദ്യവിജയം ഉത്തര്‍ പ്രദേശിലാവുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.

2024ലെ തിരഞ്ഞെടുപ്പിന് ശേഷം പതിനഞ്ചു ശതമാനം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കിയതിന് അര്‍ഥം ആ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായാണ് നടന്നത് എന്നാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗ്യാനേഷ് കുമാര്‍ ഇല്ലായിരുന്നെങ്കില്‍ നരേന്ദ്രമോദിയും അമിത് ഷായും അധികാരത്തില്‍ എത്തില്ലായിരുന്നു. മധ്യപ്രദേശ്, ഹരിയാന, ഛത്തിസ്ഗഡ് , മഹാരാഷ്ട്ര , കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വോട്ടുകൊള്ള നടന്നു. മോദിയെ പുറത്താക്കൂ എന്ന മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അണികള്‍ക്ക് ആവേശം പകര്‍ന്നു. മോദി പോയാലെ ഇന്ത്യ രക്ഷപെടൂഎന്നും ഖര്‍ഗെ പറഞ്ഞു.

Also read: അപൂര്‍വങ്ങളില്‍ അപൂര്‍വമായ വോട്ടുമോഷണം, ഗ്യാനേഷ് ജയിലില്‍ പോകും: രാഹുല്‍ ഗാന്ധി

പ്രതിപക്ഷസമരത്തിന്‍റെ വിജയം ഉത്തർപ്രദേശിൽ കാണാമെന്നും അയോധ്യയില്‍ സംഭാവന കൊള്ള നടത്തിയവരുടെ സര്‍വനാശം ഉറപ്പെന്നും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആഞ്ഞടിച്ചു. യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

​

സമഗ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ പേരില്‍ നടത്തിയ വോട്ടുകൊള്ളയുടെ ഇരയാണ് ബംഗാളെന്നും ഒരാളെയും വെറുതെ വിടില്ലെന്നും മംമ്ത ബാനര്‍ജി പറഞ്ഞു. 

ഇത് രണ്ടാം സ്വാതന്ത്ര സമരമെന്നും ആര്‍എസ്എസിന്‍റെ കയ്യില്‍നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള പോരാട്ടമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ നാടിന് അപമാനമാണെന്ന് ഐസ നേതാവ് നേഹ ബോറ. 

ഗ്യാനേഷ് മോദിയുടെ കയ്യിലെ പാവയെന്ന് ആര്‍‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. യുപിയില്‍ വോട്ടില്ലാതാക്കിയ ഒരുകോടി ഹിന്ദുക്കള്‍ പാക്കിസ്ഥാനികളാണോയെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല  പരിഹസിച്ചു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കമായെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. 

ഒഴുകിയെത്തി ലക്ഷങ്ങള്‍

പ്രവര്‍ത്തക പങ്കാളിത്തം കൊണ്ട് ദില്ലി ചലോ റാലി വന്‍വിജയമാക്കി ഇന്ത്യാസഖ്യം.  മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിരയുയര്‍ത്താന്‍ പ്രതിപക്ഷത്തിനായി. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ  റാലിയില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.  സമരവേദിയായ രാം ലീല മൈതാനം  പൊതുസമ്മേളനം തുടങ്ങും മുമ്പേ നിറഞ്ഞുകവിഞ്ഞിരുന്നു.

ദില്ലി ചലോ വേദിയായ രാം ലീല മൈതാനിയിലേക്ക് അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ എത്തി. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഎംസി, ജെഡിയു,എന്‍സിപി, , നാഷണണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി പ്രതിപക്ഷ നിരയൊന്നാകെ പ്രതിഷേധത്തിന് അണിനിരന്നു. എല്ലായിടത്തും ഒരേ മുദ്രാവാക്യം, വോട്ടവകാശം സംരക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ.  ഇന്ത്യ സഖ്യ കക്ഷി നേതാക്കളും മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജിന്‍ ഖര്‍ഗെയുടെ വസതിയില്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംസ്ഥാന മന്ത്രിമാരടക്കം നേതാക്കള്‍ അതത് പാര്‍ട്ടികളുടെ ദേശീയ ആസ്ഥാനങ്ങളില്‍ നിന്ന് രാം ലീല മൈതാനിയിലേക്ക്.

പന്ത്രണ്ടരയോടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ തുറന്ന വാഹനത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിില്‍ നിന്ന് രാം ലീലയിലേക്ക് പുറപ്പെട്ടു. അകമ്പടിയായി പ്രവര്‍ത്തകരും. ഓരോ പോയന്‍റിലും പ്രവര്‍ത്തകരെ ഇരുവശത്തേക്കും മാറ്റി വാഹനങ്ങള്‍ കടത്തിവിടാന്‍ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഏറെ അധ്വാനിക്കേണ്ടി വന്നു.

കോണൊട്ട് പ്ലേസ് പിന്നിട്ട് മിന്‍റോ റോഡ് ജംങ്ഷനില്‍ എത്തിയതോടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നേതാക്കളുടെ വാഹനത്തിനൊപ്പം നടന്നു. പ്രവര്‍ത്തകരോട് സാധനങ്ങള്‍ വാങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ബിജെപി സര്‍ക്കാര്‍  കൊണോട്ട് പ്ലേസിലെ കടകള്‍ ബലമായി അടപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. രാജാജി മാര്‍ഗില്‍ നിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ ദൂരമുള്ള നേതാക്കളുടെ യാത്രയ്ക്കെടുത്തത് രണ്ടര മണിക്കൂര്‍. നേതാക്കളുടെ വാഹനവ്യൂഹം എത്തുമ്പോഴേക്കും രാം ലീല മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു,

ENGLISH SUMMARY:

INDIA bloc Chalo Delhi rally news covers the massive protest at Ramlila Maidan demanding the resignation of the Chief Election Commissioner over alleged vote manipulation. Opposition leaders including Rahul Gandhi and Mallikarjun Kharge strongly criticized the ruling government during the massive demonstration.