arunachal-protest

TOPICS COVERED

അതിര്‍ത്തി സംസ്ഥാനമായ അരുണാചലില്‍ സിയാങ് അണക്കെട്ടിനെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റാനഗറിൽ വൻ റാലി. അറസ്റ്റിലായ പ്രക്ഷോഭകരെ വിട്ടയയ്ക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അരുണാചൽ പ്രദേശിൽ നിർദിഷ്ട സിയാങ് അണക്കെട്ടിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇറ്റാനഗറിൽ വൻ റാലി നടത്തിയത്. അറസ്റ്റിലായ പ്രക്ഷോഭകരെ വിട്ടയയ്ക്കണമെന്നും സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും വിവിധ സാമൂഹിക പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.

സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിയുടെ പ്രാരംഭ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിർദിഷ്ട പദ്ധതി നടപ്പായാൽ പൂർവികരുടെ ഭൂമിയും ഉപജീവനമാർഗങ്ങളും തദ്ദേശീയ സമൂഹങ്ങളുടെ സാംസ്കാരിക സ്വത്വവും അപകടത്തിലാകുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. പരിസ്ഥിതിക്ക് ആഘാതമുണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിക്കുന്നു. സിയാങ് നദിയെ ആശ്രയിച്ചുകഴിയുന്ന ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും പ്രതിഷേധിക്കുന്നവര്‍.

11,200 മെഗാവാട്ട് ശേഷിയുള്ള സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരെയാണ് പ്രതിഷേധം. ഒക്ടോബർ ഒൻപതിന് നാലുപേരെ അരുണാചൽ പ്രദേശ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. പിന്നാലെ ബന്ദിനിടെയും സംഘർഷമുണ്ടായി. പദ്ധതിയുടെ പ്രാരംഭ സാധ്യതാപഠനവുമായി ബന്ധപ്പെട്ട സർവേകൾക്കിടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായത്. ദ്രുതകര്‍മസേനയെയടക്കം കേന്ദ്രസര്‍ക്കാര്‍ മേഖലയിലേക്ക് അയച്ചു. അതിര്‍ത്തി സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം ഉടനടി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.