• പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരുടെ സംഘടന സുപ്രീംകോടതിയില്‍

ഡൽഹിയിൽ പ്രതിഷേധത്തിനിടെ മലയാളി മാധ്യമപ്രവർത്തകരെയുൾപ്പെടെ കസ്റ്റഡിയിലെടുത്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരുടെ സംഘടന KUWJ ഹർജി നൽകി. വനിത മാധ്യമപ്രവർത്തകരെയടക്കം നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു, കയ്യേറ്റം ചെയ്തു തുടങ്ങിയ ആക്ഷേപങ്ങളുന്നയിച്ചാണ് ഹർജി. അനധികൃത കസ്റ്റഡി പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് പൊലീസ് ലംഘിച്ചെന്നും തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടും മുഖവിലയ്ക്കെടുത്തില്ലെന്നും ഹർജിയിൽ പറയുന്നു. അടിയന്തര ഇടപെടൽ വേണമെന്നും KUWJ ഡൽഹി ഘടകം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി നാളെ കോടതിയിൽ ഉന്നയിച്ചേക്കും.

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആയിരുന്നു സംഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ആർ.കെ ആശ്രം മാർഗ് പരിസരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഇവരെ വിട്ടയച്ചിരുന്നു. ഔദ്യോഗിക പ്രസ് ഐഡി കാര്‍‍ഡുകളും ചാനല്‍ മൈക്കുകളും ഉണ്ടായിട്ടും മാധ്യമപ്രവർത്തകരോട് പൊലീസ് ക്രൂരമായാണ് പെരുമാറിയത്. കഴുത്തിന് കുത്തിപ്പിടിച്ചതായും മൈക്കെടുത്ത് വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമേ നാഷനല്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് തടഞ്ഞുവയ്ക്കുകയും പിന്നാലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പലരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്.ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടർന്ന് പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനകൾ. കൊണാട്ട് പ്ലേസ് ,ജൻപഥ് ,മണ്ടി ഹൗസ്‌ എന്നിവിടങ്ങളിലാകും വിവിധ സംഘടനകൾ പ്രത്യേകം പ്രതിഷേധം സംഘടിപ്പിക്കുക. രണ്ടാംഘട്ട സമരം  ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വേദിയും രീതിയും പ്രഖ്യാപിച്ചിട്ടില്ല.

നവരാത്രി ആഘോഷങ്ങൾക്ക് ശേഷമാകും ഡൽഹിയിൽ ഇനി വിപുലമായ സമരത്തിലേക്ക് കടക്കുക. ഇന്നലെ ജന്തര്‍ മന്തറിലേക്ക് നടത്തിയ മിന്നല്‍ പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റിഡിയിലെടുത്ത CJP നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.സൗരവ് ദാസ്, അശുതോഷ് റാംങ്ക, അജിൻക്യ ഷിൻഡെ എന്നിവര്‍ അറസ്റ്റിലായി. അതിക്രമിച്ചുകയറി, ജാമ്യഉപാധി ലംഘിച്ചു, ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. റിമാൻഡ് ചെയ്ത് തിഹാർ ജയിലിൽ അയയ്ക്കാൻ സാധ്യതയെന്ന് CJP. അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും സി.ജെ.പി നേതാക്കള്‍ പറയുന്നു. 

KUWJ Moves Supreme Court Over Alleged Illegal Detention of Malayalam Journalists in Delhi:

The Kerala Union of Working Journalists (KUWJ), through its Delhi unit, has approached the Supreme Court over the alleged illegal detention and assault of Malayalam journalists during a protest in New Delhi. The petition alleges that Delhi Police violated court directions on unlawful detention, ignored journalists’ press identity cards, manhandled reporters and seized mobile phones, with some journalists reportedly forced to delete footage. The journalists were detained while covering a protest organised by the Cockroach Janata Party (CJP), demanding the resignation of Chief Election Commissioner Gyanesh Kumar, and were released several hours later. KUWJ has sought urgent judicial intervention and action against the police officers involved, while arrests of CJP leaders following a separate protest have further intensified the political confrontation.