Image Credit: X/@thetatvaindia

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദിപ്കെ (80) അന്തരിച്ചു. മഹാരാഷ്ട്രയിലെ  ഹിംഗോലി ജില്ലയിലെ സന്തുക് പിംപ്രി ഗ്രാമത്തിലാണ് സാവിത്രിബായ് താമസിക്കുന്നത്. കുറച്ചുദിവസമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. അഭിജിത് ദീപ്കെയുടെ പിതാവ് ഭഗവാന്‍ ദീപ്കെയുടെ അമ്മയാണ് സാവിത്രിബായ്. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ രാവിലെ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച അഭിജിത് ദീപ്കെയെ ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഛത്രപതി സംഭാജിനഗറിലാണ് അഭിജിത് ദീപ്കെയുടെ കുടുംബം താമസിക്കുന്നത്. മരണവിവരം അറിഞ്ഞതിനു പിന്നാലെ ദിപ്കെയുടെ മാതാപിതാക്കള്‍ ഉടന്‍ ഹിംഗോളിയിലേക്ക് തിരിച്ചു എന്നാണ് വിവരം. ഡല്‍ഹിയിലെ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഛത്രപതി സംഭാജിനഗറിലെ അഭിജിത് ദീപ്കെയുടെ വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. 

 

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഭിജീത് ദിപ്കെയെയും മറ്റ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, മുത്തശ്ശിയുടെ മരണത്തിനു പിന്നാലെ നാട്ടിലേക്ക് മടങ്ങണമോയെന്ന് ദീപ്കെയ്ക്ക് തീരുമാനിക്കാം എന്നാണ് പൊലീസ് പറയുന്നത്. 

 

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി–ഇടത് പ്രക്ഷോഭത്തില്‍ തലസ്ഥാനം ഡല്‍ഹി സ്തംഭിച്ചു. സമരകേന്ദ്രം ജന്തര്‍ മന്തറില്‍നിന്ന് മാറ്റിയ സമരക്കാര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധിച്ചു. പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇടത് വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മമത ബാനര്‍ജി, അരവിന്ദ് കെജരിവാള്‍, യുവനേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് അടക്കം നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് അതിക്രമമുണ്ടായി. 

ENGLISH SUMMARY:

Savitribai Shankar Dipke, the 80-year-old grandmother of Cockroach Janata Party (CJP) founder Abhijit Deepke, has passed away in Maharashtra's Hingoli district. Deepke was recently detained by Delhi Police inside a flight at the IGI airport along with other party leaders ahead of a planned anti-CEC protest. Following the bereavement, police officials have stated that Deepke is free to make a decision regarding returning home to attend the final rites. Meanwhile, widespread protests and heavy police clampdowns have paralyzed the national capital, leading to the detention of multiple prominent opposition leaders and student activists.