എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പൊലീസുകാര്‍ മനസിലാക്കുന്നതിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി ആകാശ്​വാണി ഭവന്‍റെ ഗേറ്റ് കടന്നുമുന്നോട്ട് പോയി. മുമ്പ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിലേക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിൽ അപ്രതീക്ഷിതമായി എത്തിയതുപോലെ, വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്‍റെ നീക്കം.

ആകാശവാണി ഭവന്‍റെ ഗേറ്റിന് സമീപം അകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രതിഷേധം കാണാൻ നിൽക്കുന്നുണ്ടായിരുന്നു. അവർക്ക് നേരെ ആദ്യം രാഹുൽ കൈവീശി കാണിച്ചു. തുടർന്നാണ് കുശലം ചോദിക്കാനെന്ന ഭാവത്തിൽ അവരുടെ അടുത്തേക്ക് ചെല്ലുകയും സംസാരിച്ചു നിൽക്കുകയും ചെയ്തു. അവിടെനിന്ന് പൊടുന്നനെയാണ് രാഹുൽ ഗാന്ധി ആകാശവാണി ഭവന്‍റെ അകത്തേക്ക് കയറിയത്. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും അവരെ കബളിപ്പിച്ചുകൊണ്ട് രാഹുൽ മുന്നോട്ട് നീങ്ങുകയായിരുന്നു, കൂടെ പ്രിയങ്ക ഗാന്ധിയേയും കൂട്ടി. പ്രധാന റോഡിലൂടെയല്ലാതെ കെട്ടിടത്തിന് അകത്തുകൂടെയുള്ള വഴിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ പൊലീസ് ഒടിയെത്തി തടഞ്ഞതോടെയാണ് രാഹുല്‍ മരച്ചുവട്ടിലിരുന്ന് പ്രതിഷേധം ആരംഭിച്ചത്.

വളരെ ചുരുക്കം നേതാക്കൾ മാത്രമാണ് രാഹുൽ ഗാന്ധിക്കൊപ്പം ആകാശവാണി ഭവന് അകത്തുള്ളത്. െക.സി.വേണുഗോപാല്‍ എംപി, സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, മഹാരാഷ്ട്രയിൽ നിന്നുള്ള എം.പി. പ്രണിതി ഷിൻഡെ, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, ഹരിയാനയിൽ നിന്നുള്ള എം.പി. ദീപേന്ദ്ര സിങ് ഹൂഡ തുടങ്ങിയവർ മാത്രമാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്. ഇവർ എല്ലാവരും ആകാശവാണി ഭവന് അകത്തുള്ള ആൽമരത്തിന്‍റെ  ചുവട്ടിൽ പ്രതിഷേധവുമായി തുടരുകയാണ്.

ഡല്‍ഹിയില്‍ ഇന്ത്യാസഖ്യത്തിന്‍റെ പ്രതിഷേധം ഇരമ്പുകയാണ്. സമരം എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. ഒരുപറ്റം എം.പി.മാരെ പൊലീസ് വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. നിലവിൽ അവർ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കി എം.പി.മാർ സമരം തുടരുകയാണ്. അവരെ നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പല ഭാഗങ്ങളിലായി എം.പി.മാർ ഇപ്പോഴും സമരം തുടരുകയാണ്

ENGLISH SUMMARY:

Congress leaders Rahul Gandhi and Priyanka Gandhi tricked security officials in Delhi by slipping into Akashvani Bhavan under the guise of greeting staff. The sudden maneuver was part of an INDIA bloc protest aimed at reaching the Election Commission office through an internal building route. After police intercepted their path inside the premises, Rahul Gandhi along with senior leaders like KC Venugopal sat under a tree inside the compound to launch a sit-in demonstration. Several protesting MPs have been taken into police custody as the opposition agitation continues to intensify across various locations in the national capital.