gyanesh-kumar-chief-election-commissioner

തിരഞ്ഞെടുപ്പില്‍ കമ്മിഷനിലെ ഭിന്നതകള്‍ക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ യുവാക്കള്‍ ഒന്നിച്ചുനിന്ന് വിദ്യാഭ്യാസ മന്ത്രിയെ താഴെയിറക്കിയത് എല്ലാവരും കണ്ടതാണ്. പക്ഷേ ചീഫ് ഇലക്ഷന്‍ കമ്മിഷണറെ നീക്കുന്നത് അത്ര എളുപ്പമാണോ?

ഒറ്റവാക്കില്‍ പറയാം, എളുപ്പമല്ല. ആര്‍ട്ടിക്കിള്‍ 324 പ്രകാരം സ്ഥാപിതമായ ഒരു ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതിന്റെ തലവനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. അതുകൊണ്ട് തന്നെ ഭരണഘടന നൽകുന്ന സംരക്ഷണം ഉണ്ട്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഓഫിസുകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തുന്നതും തിരഞ്ഞെടുപ്പ് കമ്മിഷനാണ്.

ആരാണ് സിഇസിയെ നിയമിക്കുന്നത്?

ഇന്ത്യന്‍ രാഷ്ട്രപതിയാണ് സിഇസിയെ നിയമിക്കുന്നത്. പക്ഷേ ഒരു സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമായിരിക്കും രാഷ്ട്രപതി സിഇസിയെ നിയമിക്കുക. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയുടെ ശുപാർശ പ്രകാരമാണ് രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത്. ആറു വര്‍ഷമോ അല്ലെങ്കില്‍ 65 വയസ് തികയുന്നതുവരെയോ, ഏതാണ് ആദ്യം വരുന്നത് അതുവരെ അവര്‍ക്ക് കാലാവധിയുണ്ട്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന അതേ പദവിയും ശമ്പളവും ആനുകൂല്യങ്ങളും അവര്‍ക്കുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യo തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എക്സിക്യൂട്ടീവ് ഇടപെടലുകളില്‍ നിന്ന് മുക്തമാണ്.

എങ്ങനെയാണ് സിഇസിയെ നീക്കം ചെയ്യുന്നത്?

ആര്‍ട്ടിക്കിള്‍ 324 പ്രകാരം മോശം പെരുമാറ്റമോ, കഴിവില്ലായ്മയോ തെളിയിക്കപ്പെട്ടാല്‍ മാത്രമേ സിഇസിയെ നീക്കം ചെയ്യാന്‍ കഴിയൂ. പാർലമെന്റിന്റെ ഏതു സഭയിലും സിഇസിയെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാം. ലോക്സഭയിലാണെങ്കിൽ കുറഞ്ഞത് നൂറ് എംപിമാര്‍ അല്ലെങ്കില്‍ രാജ്യസഭയിൽ 50 എംപിമാരെങ്കിലും പ്രമേയത്തിൽ ഒപ്പിടണം. ഒപ്പിട്ട പ്രമേയം സ്പീക്കര്‍ക്ക് അല്ലെങ്കില്‍ രാജ്യസഭ ചെയര്‍മാന് സമര്‍പ്പിക്കണം. സ്പീക്കര്‍‌ക്കോ ചെയർമാനോ പ്രമേയം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗീകരിച്ചാൽ കുറ്റങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതി (സുപ്രീംകോടതി ജഡ്ജ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, വീശിഷ്ട നിയമഞ്ജൻ) രൂപീകരിക്കും.

ALSO READ: ആത്മഹത്യ കുറിപ്പില്‍ പേര് വന്ന വിവാദനായകന്‍; ആരാണ് ഗ്യാനേഷ് കുമാര്‍?

കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്മിറ്റി നിഗമനത്തിൽ എത്തിയാൽ പ്രമേയം ഉപേക്ഷിക്കുകയും പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്യും. കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ആദ്യം പ്രമേയം അവതരിപ്പിച്ച സഭയ്ക്ക് റിപ്പോർട്ട്‌ കൈമാറും. പിന്നെ ഒരേ സമ്മേളന കാലയളവിൽ പ്രമേയം പാർലമെന്‍റിന്‍റെ ഇരുസഭകളും പരിഗണിക്കണം. ഇരുസഭകളിലും     സന്നിഹിതരായി വോട്ട് ചെയ്യുന്ന മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം പ്രമേയം പാസാകാൻ. ഇരു സഭകളിലും വിജയകരമായി പ്രമേയം പാസാക്കിയാൽ ഇന്ത്യൻ രാഷ്ട്രപതിക്ക് അത് ഔപചാരികമായി സമർപ്പിക്കും. ഒടുവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിക്കും.

ഇത്രയും കടമ്പകളിലൂടെയേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാൻ സാധിക്കു. പക്ഷെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ കനക്കുമ്പോൾ പ്രത്യേകിച്ച് എൻ.ഡി.എ ഘടകകക്ഷികളിൽ നിന്ന് തന്നെ എതിർ സ്വരങ്ങൾ ഉയരുമ്പോൾ ഗ്യാനേഷ് കുമാറിന് സ്വയം രാജി വെയ്ക്കാനുള്ള സമ്മർദ്ദമാണ് ഏറുന്നത്.

ENGLISH SUMMARY:

Amid growing nationwide opposition protests demanding the resignation of Chief Election Commissioner Gyanesh Kumar, removing a CEC from office involves a complex constitutional procedure. As the head of an independent constitutional body established under Article 324, the CEC enjoys structural protections equivalent to a Supreme Court judge. Impeachment requires a motion signed by at least 100 Lok Sabha or 50 Rajya Sabha members, followed by a thorough investigation by a three-member panel. If the panel finds the charges valid, the motion must pass both Houses of Parliament with a two-thirds majority before the President can issue an official removal order.