Untitled design - 1

TOPICS COVERED

ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ, പൊലീസിനോട് അഭ്യര്‍ഥനയുമായി  മുഖ്യപ്രതി നന്ദൻ യാദവിന്‍റെ അമ്മ. തന്‍റെ മരുമകൾ ഒന്‍പത് മാസം ഗർഭിണിയാണെന്നും കുടുംബത്തിന് വേറെയാരും തുണയില്ലെന്നും നന്ദന്‍ യാദവിന്‍റെ അമ്മ പറഞ്ഞു, തന്‍റെ മകന്‍റെ ജീവൻ എടുക്കരുതെന്നും പ്രതിയുടെ അമ്മ അപേക്ഷിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മകനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും നിയമനടപടികൾ സ്വീകരിക്കാനും പൊലീസിന് അധികാരമുണ്ട്. എന്നാൽ അവന്‍റെ ജീവൻ എടുക്കരുതെന്നും മകന് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ജമുയി പൊലീസിനായിരിക്കുമെന്നും അവർ പറഞ്ഞു. തങ്ങളെയും ഒന്‍പത് മാസം ഗർഭിണിയായ മരുമകളെയും പൊലീസ് മൂന്ന് ദിവസത്തോളം കസ്റ്റഡിയിൽ വച്ചു. ആ സമയത്ത് മരുമകളുടെ ഭക്ഷണ കാര്യങ്ങളിലോ ആരോഗ്യ കാര്യങ്ങളിലോ യാതൊരു ശ്രദ്ധയും നൽകിയില്ലെന്നും പ്രതിയുടെ അമ്മ ആരോപിച്ചു.

വിഡിയോയിൽ ഏഴ് പ്രതികൾ ഉണ്ടായിരുന്നിട്ടും പൊലീസ് എന്തുകൊണ്ടാണ് തന്‍റെ മകന്‍റെ കാലിന് മാത്രം വെടിവച്ചത്. പൊലീസ് ജാതി നോക്കിയാണ് നടപടിയെടുക്കുന്നതെന്നും അവർ ആരോപിച്ചു. നന്ദന് മണൽ മാഫിയയുമായോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും തങ്ങൾ ഒരു സാധാരണ ഗ്രാമീണ കുടുംബമാണെന്നും പ്രതിയുടെ അമ്മ പറഞ്ഞു. 

ജമുയിയിൽ കോച്ചിങ് സെന്‍ററില്‍ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞുനിർത്തി മര്‍ദിക്കുകയും പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ചെയ്ത സംഭവം വിവാദമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ മുഖ്യപ്രതി നന്ദൻ യാദവിന്‍റെ കാലില്‍ പൊലീസ് വെടിയുതിർത്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ENGLISH SUMMARY:

The mother of Nandan Yadav, the main accused in the horrific sexual harassment and assault of a schoolgirl in Bihar's Jamui, has appealed to the police to spare her son's life. She stated that her daughter-in-law is nine months pregnant and that the family has no other financial support. While agreeing that the police have every right to arrest and legally prosecute her son, she warned that Jamui police would be fully responsible if any harm comes to his life. She also alleged that the police detained their pregnant family member for three days without basic care and acted out of caste bias during the encounter.