തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ എന്നിവർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് ഡിഎംകെ നേതാക്കൾക്കെതിരെ കേസ്. ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എംപിയുമായ എ. രാജ, മുൻ മന്ത്രി പി.കെ. ശേഖർ ബാബു, എംഎൽഎ വസന്തം കാർത്തികേയൻ എന്നിവർക്കെതിരെയാണ് ചെന്നൈ ഗ്രേറ്റർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അടിയന്തരാവസ്ഥക്കാലത്ത് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ ‘മീസ’ (MISA) നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചതിനെച്ചൊല്ലി മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ സെപ്റ്റംബർ 12-ന് ഡിഎംകെ നടത്തിയ പ്രതിഷേധങ്ങൾക്കിടയിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
സൈദാപേട്ടിൽ നടന്ന പ്രതിഷേധത്തിൽ വിജയ്‌യെ കുറിച്ച് “മികച്ച നടനല്ല, വലിയ തട്ടിപ്പുകാരൻ” എന്ന് എ. രാജ പറഞ്ഞിരുന്നു. കൂടാതെ, നിയമമന്ത്രി നിർമൽ കുമാറിന്റെ മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലും സംസാരിച്ചു. പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളേയും തുടര്‍ന്ന്, വാക്കുകൾ പിൻവലിക്കുന്ന് വ്യക്തമാക്കി രാജ പിന്നീട് ഖേദം പ്രകടിപ്പിച്ചു.
ചെന്നൈ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ വിജയ്‌യെ "ഭീരു" എന്നും "നട്ടെല്ലില്ലാത്തവൻ" എന്നുമാണ് ശേഖർ ബാബു അധിക്ഷേപിച്ചത്. 2025-ൽ കരൂരിൽ 41 പേർ മരിച്ച തമിഴക വെട്രി കഴകം റാലിക്കിടയിലെ ദുരന്തത്തിന് ശേഷം വിജയ് വിമാനത്താവളത്തിലേക്ക് ഓടിരക്ഷപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാജയ്‌ക്കെതിരെ പൊതുജനസമാധാനം തകർക്കാൻ ശ്രമിച്ചതടക്കം 7 വകുപ്പുകൾ ചുമത്തിയാണ് സൈദാപേട്ട പോലീസ് കേസെടുത്തത്. ശേഖർ ബാബുവിനെതിരെ ബിഎൻഎസ് പ്രകാരം 6 വകുപ്പുകൾ ചുമത്തി ബി1 നോർത്ത് ബീച്ച് പോലീസും കേസെടുത്തു.
നേതാക്കളുടെ പരാമര്‍ശത്തില്‍ ഡിഎംകെയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ഡിഎംകെ എംപി കനിമൊഴി രാജയുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ചു. നാവ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു തിരുക്കുറലിലെ വരികളാണ് എംപി പങ്കുവച്ചത്. ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് ഡിഎംകെയുടെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും എം.കെ. സ്റ്റാലിന് തന്നെ ഇത് അപമാനമുണ്ടാക്കുമെന്നും വിസികെ അധ്യക്ഷൻ തിരുമാവളവനും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖവും വ്യക്തമാക്കി.