ഡല്‍ഹി സത്യനികേതനില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വ‍ന്‍ ദുരന്തം. ഒരു മരണം. മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍. പതിനഞ്ചോളംപേരെ രക്ഷപ്പെടുത്തി. രക്ഷാദൗത്യം തുടരുകയാണ്. അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം. എത്ര പേര്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ട് എന്ന് വ്യക്തമല്ല. മുപ്പതോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. പരുക്കേറ്റവരെ എത്തിക്കുന്ന എയിംസ് ആശുപത്രിയോട് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിന് വന്‍ സന്നാഹമാണ് രംഗത്തുള്ളത്. NDRF സംഘത്തെ വിന്യസിച്ചു. വിവിധ  അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. സമീപത്തെ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

 

ഉച്ചകഴിഞ്ഞ് ഒന്നേ മുക്കാലോടെയാണ് വന്‍ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തിയത്. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാംപസിലെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന പിജിയാണ് തകര്‍ന്നത്. അപകടസമയത്ത് അമ്പതോളം കുട്ടികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്‍ഡിആര്‍എഫും പൊലീസും അഗ്നിശമന സേനയും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇടുങ്ങിയ തെരുവില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുനീക്കാനുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നത് വെല്ലുവിളിയായി. 

 

സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. മഴക്കാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആനന്ദ് ബന്‍സല്‍ എന്നയാളുടെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി എയിംസ് ആശുപത്രിയോട് സര്‍വസജ്ജമാകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവധിയിലുള്ള ഡോക്ടര്‍മാരെ അടിയന്തരമായി തിരികെ വിളിച്ചു.

 

തകര്‍ന്ന കെട്ടിടത്തിന്‍റെ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കര്‍ശന നടപടിയുണ്ടാകുമെന്ന് സൗത്ത് ഡല്‍ഹി എംപി അറിയിച്ചു. 

ENGLISH SUMMARY:

A Delhi building collapse resulted in one death and three critical injuries, with rescue operations ongoing. Early reports suggest no Malayali students were trapped in the collapsed five-story hostel building.