കൃത്രിമം കാണിച്ച കടയുടമയെ സംരക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വായില്‍ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം.
പ്രദേശത്തുള്ള ഒരു കടയിൽ നിന്നും ലഘുഭക്ഷണം കഴിച്ച രണ്ടുവയസുള്ള കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തലകറങ്ങി വീഴുകയും ആരോഗ്യനില വഷളാകുകയും ചെയ്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നല്‍കി.
എന്നാൽ കടയിൽ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കി എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽനിന്നും കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ജനക്കൂട്ടം ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞത്.
ഉദ്യോഗസ്ഥനെ പോകാന്‍ സമ്മതിക്കാതെ തടഞ്ഞുവയ്ക്കുകയും കടയില്‍ നിന്നും കണ്ടെത്തിയ കാലാവധി കഴിഞ്ഞ ബിസ്കറ്റുകള്‍ സുരക്ഷിതമാണെങ്കിൽ അവ കഴിക്കാൻ ഇവർ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുകയും ചെയ്തു. മറ്റു ചിലര്‍ 'നിങ്ങള്‍ തന്നെ കഴിക്കൂ' എന്ന് അലറിക്കൊണ്ട് ബിസ്കറ്റുകള്‍ ഉദ്യോഗസ്ഥന്‍റെ വായിലേക്ക് തിരുകാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
അടുത്തിടെയായി മഹാരാഷ്ട്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ഒട്ടേറെ റെയ്ഡുകൾ നടത്തി ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഈ സംഭവം. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥനു നേരെ കൈക്കൂലി ആരോപണം ഉയർന്നത്.