പ്രതിരോധ ഉൽപ്പാദന രംഗത്ത് രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ഡിആർഡിഒ (DRDO) വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിനകത്തുതന്നെ മിസൈലുകളുടെ വ്യാവസായിക ഉൽപ്പാദനം വേഗത്തിലാക്കാനും തദ്ദേശീയ നിർമ്മാണ ശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, അതിവേഗ സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസിന്റെ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രതിരോധ മേഖലയിലെ ആഭ്യന്തര വ്യവസായങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ഈ നീക്കം വലിയ നാഴികക്കല്ലാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഡിആർഡിഒ വികസിപ്പിക്കുന്ന അത്യാധുനിക മിസൈൽ സാങ്കേതികവിദ്യകളെ വേഗത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ ഈ തീരുമാനം വഴി സാധിക്കും. രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും (MSMEs) മറ്റ് സാങ്കേതിക പങ്കാളികൾക്കും പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാകാനും അത്യാധുനിക സാങ്കേതികവിദ്യ പങ്കുവെക്കാനും ഇതിലൂടെ അവസരം ലഭിക്കും. ആഭ്യന്തര കമ്പനികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി ഡിസൈനിംഗിലും ഉൽപ്പാദനത്തിലും ഇന്ത്യയെ മുന്നിലെത്തിക്കുകയാണ് ഡിആർഡിഒയുടെ ലക്ഷ്യം.
സൈനിക സ്വയംപര്യാപ്തതയ്ക്കുള്ള 'ആത്മനിർഭർ ഭാരത്' ദൗത്യത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ് പുതിയ നയം. ആഭ്യന്തര തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും ഇന്ത്യയിലെ പ്രതിരോധ വ്യവസായ അടിത്തറ കൂടുതൽ ദൃഢമാക്കാനും സാധിക്കും. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രതിരോധ കമ്പനികൾ നിർമ്മാണ രംഗത്തേക്ക് കടന്നുവരികയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.