Image Credit : Twitter
ഗുജറാത്തിലെ വഡോദരയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്‍റെ ഹൈഡ്രോളിക് ഡോറില്‍ കഴുത്ത് കുടുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദിവ്യേഷ് റാത്വ എന്ന കുട്ടിയാണ് മരിച്ചത്. കളിക്കുന്നതിനിടയില്‍ ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനകത്തേക്ക് തലയിട്ട് നോക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച് കുറച്ച് സമയത്തിന് ശേഷം ഗാരേജിലുളള രണ്ടുപേര്‍ അതുവഴി പോയപ്പോഴാണ് കുട്ടി ബസിന്‍റെ ഡോറില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്. അപകടം നടന്ന ഗാരേജിന്‍റെ പിറകിലായാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. സംഭവദിവസം ചന്തയിൽ പോയിവരാമെന്ന് അമ്മയോട് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് പോയത്. കളിക്കുന്നതിനിടിയല്‍ ഗാരേജിലേക്ക് കയറിയ കുട്ടി അവിടെ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്.
മകനെ കാണാതെ അമ്മ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഗാരേജില്‍ സംഭവിച്ച അപകടത്തെക്കുറിച്ച് അറിയുന്നത്. ഗാരേജിലെ രണ്ട് ജോലിക്കാരുടെ സഹായത്തോടെ ആശുപത്രിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.