ഓൺലൈൻ ഗെയിമിങ്ങിൽ ലക്ഷങ്ങളുടെ കടം വരുത്തിവെച്ച പ്ലസ് വൺ വിദ്യാർഥി, പണത്തിനായി നടത്തിയ  തട്ടിക്കൊണ്ടുപോകൽ നാടകം പൊളിഞ്ഞു. പിതാവിൽ നിന്ന് പണം തട്ടാൻ ഡൽഹിയിലുള്ള കാമുകിയുടെ സഹായത്തോടെ എഐ ഉപയോഗിച്ച് തനിക്ക് പരുക്കേറ്റതായി വ്യാജചിത്രം നിര്‍മിച്ചു. എന്നാൽ സൈബർ  പൊലീസ് നടത്തിയ അന്വേഷണത്തില്‍  കള്ളക്കളി പൊളിഞ്ഞു. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം.

കച്ചവടക്കാരനായ പിതാവിൽ നിന്ന് പണം തട്ടിയെടുക്കാനാണ് 16കാരൻ ഈ മാർഗം തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ സിക്ക്രിഗഞ്ചിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ വിദ്യാർഥി, പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് തട്ടിക്കൊണ്ടുപോയെന്ന തരത്തിലുള്ള സന്ദേശങ്ങൾ പിതാവിന് അയയ്ക്കുകയായിരുന്നു.

രാത്രി 7.39നും 9.47നും ഇടയിൽ വാട്സ്ആപ്പിലൂടെയാണ് സന്ദേശങ്ങൾ അയച്ചത്. തട്ടിക്കൊണ്ടുപോകൽ നാടകം വിശ്വസനീയമാക്കുന്നതിനായി കണ്ണിന് ഗുരുതരമായി പരിക്കേറ്റതുപോലെ തോന്നിക്കുന്ന വ്യാജ ചിത്രവും അയച്ചു. ഡൽഹിയിലുള്ള കാമുകിയുടെ സഹായത്തോടെ എഐ ടൂൾ ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയത്. ആദ്യം ഒരു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടെങ്കിലും, ഓൺലൈനായി പണം അയയ്ക്കാൻ കഴിയില്ലെന്ന് പിതാവ് അറിയിച്ചതോടെ ആവശ്യപ്പെട്ട തുക രണ്ട് ലക്ഷം രൂപയായി ഉയർത്തി.

സംഭവത്തിൽ സംശയം തോന്നിയ പിതാവ് ഉടൻ പൊലീസിനെ സമീപിച്ചു. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ സൈബർ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വിദ്യാർഥിയുടെ ഫോൺ കോൾ വിവരങ്ങളും അവസാനമായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഉരുവ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിർഹി ബുസുർഗ് ഗ്രാമത്തിലുള്ള സുഹൃത്തിന്റെ വീട്ടിൽ വിദ്യാർഥിയെ സുരക്ഷിതനായി കണ്ടെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് പൊലീസ് സംഘം അവിടെ എത്തിയത്.

ചോദ്യംചെയ്യലിൽ, ഓൺലൈൻ ഗെയിമിങ്ങിലൂടെ വരുത്തിവെച്ച കടങ്ങൾ വീട്ടാനാണ് തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്ന് വിദ്യാർഥി സമ്മതിച്ചു. വ്യാജ ചിത്രം തയ്യാറാക്കുന്നതിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം വിദ്യാർഥിയെ കുടുംബത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A Plus One student in Uttar Pradesh's Sant Kabir Nagar staged a fake kidnapping to extort money from his father after accumulating heavy debts through online gaming. With the assistance of his Delhi-based girlfriend, he used an AI tool to generate a realistic fake image of severe eye injuries, which he sent via WhatsApp to demand a ransom. Suspicious of the message, the father immediately filed a police complaint, prompting a swift cyber investigation that tracked the boy's phone activity. Police successfully located the student safe at a friend's house, where he confessed to the plot during questioning before being reunited with his family.