കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സുരക്ഷിതമായി വയ്ക്കാൻ നോക്കിയ കർഷകന് ഒടുവിൽ സംഭവിച്ചത് കണ്ട് ഞെട്ടുകയാണ് ആളുകൾ. രാജസ്ഥാനിലെ ബാരി ജില്ലയിലുള്ള മാംഗിലാൽ മേഘ്‌വാൾ എന്ന കർഷകൻ, ഒരു വർഷം മുൻപാണ് സ്വന്തമായുണ്ടായിരുന്ന ഒരു ഭൂമി വിറ്റത്. ആ വകയിൽ ലഭിച്ച 5 ലക്ഷം രൂപ സുരക്ഷിതമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ആലോചന. വീട്ടിൽ സൂക്ഷിച്ചാൽ ഭാര്യയോ മക്കളോ പണം അനാവശ്യമായി ചിലവാക്കുമോ എന്ന ഭയം അദ്ദേഹത്തെ വേട്ടയാടി.
ഇതിനു പരിഹാരമായി മാംഗിലാൽ മേഘ്വാൾ കണ്ടെത്തിയ വഴി മാത്രം അല്‍പം പാളിപ്പോയി. തന്റെ കൃഷിയിടത്തിൽ പണം കൊണ്ടുപോയി കുഴിച്ചിടലാണ് ഈ കർഷകൻ ചെയ്തത്. എന്നാൽ, നാളുകൾക്ക് ശേഷം പണം ആവശ്യമായി വന്ന ഒരു സന്ദർഭത്തിൽ താൻ കുഴിച്ചിട്ട പണമെടുക്കാനായി അദ്ദേഹം ചെന്നെങ്കിലും അതെവിടെ ആയിരുന്നു കുഴിച്ചിട്ടതെന്ന് ഇയാൾ മറന്നു പോയിരുന്നു. അങ്ങനെ കുടുംബത്തോട് കാര്യം തുറന്ന് പറഞ്ഞ് എല്ലാവരും ഒന്നിച്ചായി പിന്നീടുള്ള തിരച്ചിൽ.
പക്ഷെ, നിർഭാഗ്യവശാൽ അത് കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. ഒടുവിൽ ഒരു വർഷത്തിന് ശേഷം മഴക്കാലത്ത് നിലം ഉഴുതുമറിക്കുന്നതിനിടയിൽ പണം അടങ്ങിയ പ്ലാസ്റ്റിക് കവർ മണ്ണിൽ നിന്ന് പുറത്തുവന്നു. എന്നാൽ, സന്തോഷത്തോടെ കവർ തുറന്നുനോക്കിയ കുടുംബത്തെ കാത്തിരുന്നത് വലിയൊരു ആഘാതമായിരുന്നു. കവറിലുണ്ടായിരുന്ന മുഴുവൻ 500 രൂപ നോട്ടുകളും ചിതലെടുത്ത് പൂർണ്ണമായും നശിച്ചിരുന്നു.
തകർന്നുപോയ കർഷകൻ ഈ നോട്ടുകളുമായി അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ സമീപിച്ചെങ്കിലും, ബാങ്ക് അധികൃതർ നോട്ടുകൾ സ്വീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ താൻ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം ഒരു നിമിഷത്തെ അബദ്ധം കൊണ്ട് ഇല്ലാതായെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനു പകരം തങ്ങളിൽ നിന്ന് പോലും മറച്ചുവെച്ചതിന് കുടുംബവും ഒരുപോലെ ദുഃഖിക്കുകയാണ്.