ജന്തർ മന്തറില്‍ സിജെപി പ്രതിഷേധത്തിന് എത്തിച്ചേര്‍ന്ന യുവാക്കള്‍
പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് ഇന്ന്. പാര്‍ലമെന്‍റ് മാര്‍ച്ചിനായി മാർച്ചിനായി ജന്തർ മന്തറിലേക്ക് യുവാക്കൾ എത്തുന്നുണ്ട്. ഇന്നലെ രാത്രി നൂറുകണക്കിന് പ്രതിഷേധക്കാർ ജന്തർ മന്തറിൽ തുടർന്നു. ഇതോടെ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി, ജന്തർ മന്തർ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. പാർലമെന്റ് മാർച്ച് ജന്തർ മന്തറിൽത്തന്നെ തടയാൻ വൻ സേനാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
ജന്തർ മന്തറിലേക്ക് ഡൽഹിയുടെ വിവിധ ഇടങ്ങളിൽനിന്ന് മാർച്ചായി വരുന്നവരെ പൊലീസ് തടയുന്നുണ്ട്. പ്രധാനറോഡുകളിൽ ബാരിക്കേഡുകൾ നിരത്തിയതിനാല്‍ പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. സമരത്തിന് എത്തുന്നവരെ തടയാന്‍ സെൻട്രൽ സെക്രട്ടേറിയേറ്റ് മെട്രോ സ്റ്റേഷനിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. ബിജെപി ആസ്ഥാനത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിജെപി പ്രതിഷധത്തെ നേരിടാന്‍ കല്ലുകൾ നിറച്ച ട്രക്ക് ജന്തർ മന്തറിന് സമീപം പാർക്ക് ചെയ്തിട്ടുണ്ടെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ ആരോപിച്ചു. പോലീസുകാർ എന്താണ് ചെയ്യുന്നത്? സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കല്ലെറിയാൻ പദ്ധതിയിടുകയാണോ എന്നും അഭിജിത് ചോദിച്ചു. സംഭവം ഗൗരവതരമെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞാൽ പൊലീസും സർക്കാരും ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടുള്ള പ്രതികരണം കഠിനമായിരിക്കും. ഈ സർക്കാരിന് നിലനിൽക്കാൻ കഴിയില്ല എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
സൻസദ് ചലോ മാർച്ച് കഴിയുന്നതുവരെ ഉപവാസം തുടരുമെന്ന് സോനം വാങ്ചുക്ക് അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കാന്‍ സോനം വാങ്ചുക്ക് ഉപാധികള്‍വച്ചു. പരീക്ഷാവീഴ്ചകളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സോനം വാങ്ചുക്കിന്‍റെ ആവശ്യം. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ഉപവാസം തുടരാനാണ് വാങ്ചുക്കിന്‍റെ തീരുമാനം.