e20-nda

TOPICS COVERED

പ്രഖ്യാപനം മുതല്‍ E20 പെട്രോളിന് ചില്ലറ വിമര്‍ശനമല്ല ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഇന്ധനം വാഹനത്തിന്‍റെ മൈലേജ് കുറയ്ക്കുമെന്നും എന്‍ജിന്‍ കേടാക്കുമെന്നുമടക്കം ആരോപണങ്ങളുയര്‍ന്നിരുന്നു. ഒടുവില്‍ പ്രചരണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി E20 പെട്രോൾ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ മൈലേജ് കുറയുമെന്ന് സമ്മതിച്ചത്. ഇന്ധനം ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വിമര്‍ശനങ്ങളുയരുന്നതിനിടെ തിരിച്ചടിയാകുമെന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ  പ്രമുഖ അന്താരാഷ്ട്ര പോളിംഗ്, പൊതുജന അഭിപ്രായ സർവേ ഏജൻസിയായ സി.വോട്ടര്‍.

സി വോട്ടര്‍ സര്‍വെ പ്രകാരം 52.5 ശതമാനം എന്‍ഡിഎ പിന്തുണക്കാരും E20 ഇന്ധനം ഉപയോഗിക്കില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. ഇന്ധനം വാഹനത്തിന്‍റെ മൈലേജ് കുറയ്ക്കുമെന്നതും എന്‍ജിന്‍ കേടാക്കുമെന്നതും തന്നെയാണ് ഇവരുടെ വിശ്വാസം. 18.1 ശതമാനം എന്‍ഡിഎ പിന്തുണക്കാരാണ് E20 സുരക്ഷിതമെന്ന് കരുതുന്നവര്‍. 29.4 ശതമാനം പിന്തുണക്കാര്‍ക്ക് എന്താണ് ഇന്ധനത്തിന്‍റെ അവസ്ഥ എന്നതില്‍ ആശയക്കുഴപ്പമുണ്ട്. 

പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവര്‍ക്കും സമാനമായ ചിന്തഗതി തന്നെയാണ്. 57.9 ശതമാനം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണക്കാര്‍ക്കും ഇന്ധനത്തോട് തീരെ താല്‍പര്യമില്ല. ഇവയിലൊന്നും പെടാത്ത പ്രാദേശിക പാര്‍ട്ടികളിലും 55.1 ശതമാനം ആളുകള്‍ ഇന്ധനത്തിനെതിരാണ്.

ഇന്ധനത്തിലടങ്ങിയിരിക്കുന്ന എഥനോളിന്റെ കലോറിക് മൂല്യം പെട്രോളിനേക്കാൾ കുറവാണ്. ഇന്ധനത്തിൽ എഥനോളിന്റെ അളവ് കൂടുമ്പോൾ ശരാശരി മൈലേജിൽ നേരിയ കുറവുണ്ടായേക്കാം എന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. 

ENGLISH SUMMARY:

E20 petrol has faced significant criticism since its announcement, with concerns raised about reduced vehicle mileage and engine damage. A C Voter survey reveals widespread reluctance to use E20 fuel among both NDA and opposition supporters, citing potential mileage reduction and engine issues as primary reasons.