Image Credit : Twitter (രണ്ടാമത്തേത് പ്രതീകാത്മക ചിത്രം)
ഗാസിയാബാദില്‍ നിര്‍മാണത്തിലിരിക്കുന്ന മാളില്‍ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒടിവുകൾ സംഭവിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഗാസിയാബാദിലെ രാജ് നഗറിലുളള നന്ദഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ദാരുണ സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചയോടെ മാളിലെ ബേസ്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ മാളിന്‍റെ നിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ. തൊഴിലിന്‍റെ ഭാഗമായി മാളിന്‍റെ പരിസരത്തുളള ഷെഡിലാണ് കുടുംബം താമസിച്ചിരുന്നതും. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ തലക്ക് ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്നും ശരീരത്ത് പലയിടങ്ങളിലായി ഒടിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായാണോ മരിച്ചതെന്ന് സംശയിക്കുന്നതായി കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചു. അതേസമയം ഇക്കാര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറയുന്നു. കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തിയാകാമെന്നാണ് പൊലീസിന്‍റെയും പ്രാഥമിക നിഗമനം. കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.