നഗരത്തിന്റെ മുഖംമാറ്റുന്നതിനുള്ള നടപടികൾ ശക്തമാക്കി കർണാടക സർക്കാർ. പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലും ഫുട്പാത്തുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി വ്യാപകമായി തുടരുകയാണ്. ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ നേരിട്ടെത്തിയാണ് വിവിധ ഭാഗങ്ങളിലെ ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്തുന്നത്.

ഫുട്പാത്തുകൾ കാൽനട യാത്രക്കാർക്കുള്ളതാണെന്നും ഒരിഞ്ച് പോലും കയ്യേറ്റം അനുവദിക്കില്ലെന്നുമുള്ള സർക്കാർ നിലപാടാണ് കർശനമായി നടപ്പാക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലുമാണ് വ്യാപകമായ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്.

ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നൽകിയ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു ഫുട്പാത്തുകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയെന്നത്. പ്രതിഷേധങ്ങൾ ഭയന്ന് ഉദ്യോഗസ്ഥർ നടപടികളിൽ മടിച്ചുനിന്നതോടെയാണ് മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

അതേസമയം, നടപടിക്കെതിരെ തെരുവ് വ്യാപാരികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വർഷങ്ങളായി ഉപജീവനമാർഗമായി ആശ്രയിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിയേണ്ടി വരുന്നത് കുടുംബങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് അവരുടെ വാദം.

നഗരവാസികൾക്ക് ആശ്വാസവും ചെറുകിട വ്യാപാരികൾക്ക് ആശങ്കയും സൃഷ്ടിക്കുന്ന ഈ നടപടി, നഗരവികസനവും ജീവിതോപാധിയും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതെളിക്കുകയാണ്. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് സർക്കാർ ബദൽ സംവിധാനങ്ങൾ ഒരുക്കുമോയെന്ന ചോദ്യവും ഇതോടൊപ്പം ശക്തമായി ഉയരുന്നുണ്ട്.

ENGLISH SUMMARY:

Bengaluru development is seeing intensified action from the Karnataka government as they are rigorously removing footpath encroachments despite ongoing protests. This drive aims to reclaim pedestrian spaces and is being personally overseen by the Bengaluru Development Minister.