sony-muskan-kethan

TOPICS COVERED

പൂനെയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ മോശം പരാമർശം നടത്തിയ  ഡെന്റിസ്റ്റിനെ ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ (AIDSA) അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഡോക്ടര്‍ മുസ്കാൻ സോണിക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ വിലക്കിന് പുറമെ, എ.ഐ.ഡി.എസ്.എ മധ്യപ്രദേശ് ഘടകത്തിന്റെ ട്രഷറർ സ്ഥാനത്തുനിന്ന് അവരെ നീക്കുകയും പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തു. 

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വിഡിയോയില്‍ കേതനെ അധിക്ഷേപിക്കുന്ന തരത്തിലാണ് മുസ്കാന്‍ സോണി സംസാരിച്ചത്.  'ആ പൂനെക്കാരന് തലയിൽ മുടി പോലുമില്ലായിരുന്നു. ഇങ്ങനെയൊക്കെ കള്ളം പറഞ്ഞാൽ പിന്നെ മരിച്ചുപോകില്ലേ?' എന്നാണ്  #IHateMen എന്ന ഹാഷ്‌ടാഗ് പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞത്. 

മുസ്കാന്‍ സോണിയുടെ പരാമർശങ്ങൾ അങ്ങേയറ്റം അനുചിതവും അധിക്ഷേപകരവും അനാദരവുള്ളതുമാണ് എന്ന് അസോസിയേഷൻ പുറത്തിറക്കിയ ഔദ്യോഗിക സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയത്. അഞ്ച് വർഷത്തെ സസ്‌പെൻഷൻ കാലയളവിൽ ഔദ്യോഗികമായി സംഘടനയെ പ്രതിനിധീകരിക്കാനോ, സമ്മേളനങ്ങളിൽ പങ്കെടുക്കാനോ ഡോ. സോണിക്ക് അനുമതിയുണ്ടായിരിക്കില്ല.

ഇതിനുപിന്നാലെ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി മുസ്കാന്‍ സോണി രംഗത്തെത്തി. മുൻകാലങ്ങളിലുണ്ടായ ചില വ്യക്തിപരമായ മോശം അനുഭവങ്ങൾ കാരണമാണ് താൻ അങ്ങനെ പ്രതികരിച്ചതെന്നും, ഒരു കൊലപാതകിയെ പിന്തുണയ്ക്കാനോ ക്രിമിനൽ അന്വേഷണത്തെ നിസ്സാരവൽക്കരിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. 

പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാള്‍ കഴിഞ്ഞ ജൂണ്‍ 18നാണ് കൊല്ലപ്പെട്ടത്. പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ പൊലീസ് അന്വേഷണം സജീവമായി പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A dentist was suspended for five years after making inappropriate remarks about a murdered Pune businessman on social media. The All India Dental Students and Surgeons Association took disciplinary action against Dr. Muskan Soni for her offensive comments.