say-no-to-frug

മൂന്ന് വർഷം കൊണ്ട് ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലഹരി നിയന്ത്രണ ദർശനരേഖയുമായി കേന്ദ്രം. വൻകിട കേസുകളിൽ ഇ.ഡി അന്വേഷണം നിർബന്ധം.  എൻഡിപിഎസ് കോടതികളും മുഴുവൻ സമയ ആന്റി-നാർക്കോട്ടിക് യൂണിറ്റുകളും സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. ഓൺലൈൻ ഡ്രഗ് ഡിസ്പോസൽ ഫോർട്ട്നൈറ്റ് കാംപെയ്നും തുടക്കമായി. 

ഡൽഹിയിൽ നടന്ന പത്താമത് നർക്കോ-കോർഡിനേഷൻ സെന്റർ ഉന്നതതല യോഗത്തിലാണ് 2026-2029 കാലയളവിലേക്കുള്ള ലഹരിമരുന്ന് നിയന്ത്രണ ദർശനരേഖ ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയത്. ലഹരി മുക്ത ഭാരതത്തിനായി 'കണ്ടെത്തുക, തകർക്കുക, ഇല്ലാതാക്കുക' എന്ന കർശന നയം നടപ്പിലാക്കും. 

എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ്, ഓപ്പറേഷൻസ്, ലഹരി മരുന്ന് ഘടകങ്ങളുടെയും സിന്തറ്റിക് ഡ്രഗിൻ്റെയും നിയന്ത്രണം, ഡിമാൻഡ് കുറയ്ക്കലും പുനരധിവാസവും, ശേഷി വികസനവും ഏകോപനവും ഇവ അടിസ്ഥാനമാക്കിയാണ് റോഡ് മാപ്പ്. കടത്തുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമ്പോൾ ഇരകളോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കും. വൻകിട NDPSകേസുകളിൽ ED അന്വേഷണം നിർബന്ധം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനും മരവിപ്പിക്കുന്നതിനും മുൻഗണന. വിദേശത്ത് ഒളിച്ചിരിക്കുന്ന ലഹരി മാഫിയകളെയും ഗുണ്ടകളെയും സിബിഐ, റെഡ് കോർണർ നോട്ടീസ് എന്നിവ വഴി രാജ്യത്തെത്തിക്കും.

അതിവേഗ വിചാരണയ്ക്കായി എല്ലാ സംസ്ഥാനത്തും ഹൈക്കോടതി മേൽനോട്ടത്തിൽ  NDPS കോടതികൾ .അതിർത്തികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണവും കമ്മ്യൂണിറ്റി പോലീസിംഗും ക്രൈം മാപ്പിംഗും നടപ്പിലാക്കും. ഡാർക്ക് വെബ്, ഹവാല ഇടപാടുകൾ, ക്രിപ്റ്റോ ട്രാൻസാക്ഷനുകൾ എന്നിവ നിരീക്ഷിക്കാൻ എല്ലാ സാമ്പത്തിക ഏജൻസികളും സംയുക്ത പ്രോഗ്രാം തയ്യാറാക്കും. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഒറ്റക്കെട്ടായി ലഹരി ശൃംഖലകളെ കണ്ടെത്താൻ നടപടി സ്വീകരിക്കും. എല്ലാ സംസ്ഥാനങ്ങളും ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സുകളെ ഉത്തരവാദിത്തമുള്ള യൂണിറ്റുകളാക്കി മാറ്റണമെന്നും കേന്ദ്രം നിർദേശിച്ചു. 

 

ENGLISH SUMMARY:

Central government's drug control vision 2026-2029 aims to eradicate the drug mafia within three years. This comprehensive plan includes strict enforcement, intelligence gathering, and rehabilitation initiatives to achieve a drug-free India.