റേഷൻ വിതരണത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അന്ത്യോദയ അന്നയോജന കാർഡുടമകൾക്ക് ഇനി ആളോഹരി 7 കിലോ ഭക്ഷ്യധാന്യം കിട്ടും. കുടുംബത്തിന് മാസം 35 കിലോ എന്ന വ്യവസ്ഥയ്ക്ക് പകരമാണിത്. ഇതിനായി 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരും.
രാജ്യത്തെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങൾക്ക് നൽകുന്ന റേഷൻ വിതരണത്തിലാണ് സര്‍ക്കാര്‍ മാറ്റത്തിനൊരുങുന്നത്. 2013-ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിൽ ഭേദഗതി വരുത്തി അന്ത്യോദയ അന്നയോജന പദ്ധതിയിലെ കുടുംബങ്ങൾക്ക് ഓരോ വ്യക്തിക്കും മാസം 7 കിലോ വീതം ഭക്ഷ്യധാന്യം ഉറപ്പാക്കും. ഇതിനായി കരട് ബിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ചു. ഭേദഗതി പ്രകാരം ആളോഹരി അടിസ്ഥാനത്തിൽ റേഷൻ നൽകുമെങ്കിലും, ഒരു കുടുംബത്തിന് പരമാവധി ലഭിക്കുന്നത് മാസം 35 കിലോ ആയി തന്നെ നിജപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ അന്ത്യോദയ കാർഡുള്ള കുടുംബങ്ങൾക്ക് അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ മാസം 35 കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. പുതിയ ഭേദഗതി വന്നാല്‍ വിതരണം വ്യക്തികളെ അടിസ്ഥാനമാക്കിയാകും. ചെറിയ അന്ത്യോദയ കുടുംബങ്ങൾക്ക് കൂടുതൽ ആളോഹരി വിഹിതം ലഭിക്കുകയും, അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങൾക്ക് വിഹിതം കുറയുകയും ചെയ്യുന്ന നിലവിലെ പോരായ്മ ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ പറയുന്നു.
വ്യക്തികളുടെ പോഷകാഹാര ആവശ്യത്തിനനുസരിച്ച് കൃത്യമായ വിഹിതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ ഭക്ഷ്യസുരക്ഷാ ഭേദഗതി ബില്ലിന്റെ കരടില്‍ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം. ജൂലൈ 13 ആണ് അവസാന തീയതി.