cjp-protest-education-minister

രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി മുൻനിർത്തി ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട ഘട്ടമാണിതെന്ന് കോക്രോച്ച് ജനത പാർട്ടി (CJP). വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ കേരളത്തിലെ ജനങ്ങളും പങ്കാളികളാകണമെന്നും പിന്തുണയ്ക്കണമെന്നും പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു. പാർട്ടിക്കെതിരെ ഉയർന്നുവരുന്ന വിദേശ ഫണ്ടിങ് ആരോപണങ്ങൾ തങ്ങളുടെ സ്വീകാര്യത ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടുകഥകൾ മാത്രമാണെന്നും അദ്ദേഹം ഡൽഹിയിൽ നിന്ന് വ്യക്തമാക്കി.

ഇത്രയും നാൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന കോക്രോച്ച് ജനത പാർട്ടി ഇപ്പോൾ തെരുവിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി മാത്രമാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യമെന്ന് സൗരവ് ദാസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ അനാസ്ഥയും പരാജയവും കാരണം രാജ്യത്തെ ഒരുകോടിയോളം വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നതെന്ന് സൗരവ് ദാസ് പറഞ്ഞു.

ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ തങ്ങളെ പരാദങ്ങളെന്നും ‘കോക്രോച്ചുകൾ’ എന്നും വിളിച്ച് ആക്ഷേപിക്കുകയാണ്. എന്നാൽ ഈ രാജ്യത്തിന്റെ ഭാവി യുവാക്കളാണ്. ഭാവി തലമുറ നിലവിലുള്ള ഭരണകൂടത്തോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് കേൾക്കാൻ അവർ തയ്യാറാകണം. ശനിയാഴ്ച ഡൽഹി ജന്തർ മന്ദറിൽ നടക്കുന്നത് പൂർണ്ണമായും സമാധാനപരമായ പ്രതിഷേധമായിരിക്കും. ആളുകൾ ഒത്തുകൂടി തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും. അനുമതി നിഷേധിച്ചാൽ സാഹചര്യത്തിനനുസരിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കു പിന്നിൽ രാജ്യവിരുദ്ധ ശക്തികളുണ്ടെന്നതിനെക്കുറിച്ചും വിദേശ ഫണ്ടിങ് ആരോപണങ്ങളെക്കുറിച്ചും സൗരവ് ദാസ് തള്ളി. "ഇത്തരം ആരോപണങ്ങൾ തികച്ചും ചിന്താശൂന്യവും ചിരിച്ചു തള്ളേണ്ടതുമാണ്. ജനപ്രിയവും വിശ്വസനീയവുമായ ഏതൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമ്പോഴും അതിനെ തകർക്കാനും ജനങ്ങൾക്കിടയിൽ അതിന്റെ സ്വീകാര്യത ഇല്ലാതാക്കാനും ഇത്തരം ഗൂഢാലോചനാ കഥകൾ സ്വാഭാവികമാണ്. ഇതിൽ വീണുപോകാതെ ജനങ്ങൾ ഈ പോരാട്ടത്തെ പിന്തുണയ്ക്കണം." -അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നും തങ്ങളുടെ പോരാട്ടത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സൗരവ് ദാസ് ചൂണ്ടിക്കാട്ടി. ശനിയാഴ്ചത്തെ ഡൽഹി പ്രതിഷേധത്തിന് ശേഷം ഭാവിയിൽ കൂടുതൽ സാമൂഹ്യവിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് കോക്രോച്ച് ജനത പാർട്ടിയുടെ തീരുമാനം.

ENGLISH SUMMARY:

Cockroach Janatha Party is organizing a protest at Delhi's Jantar Mantar demanding the resignation of the Education Minister for the future of students and youth. They are calling for widespread participation and support from people in Kerala.