TAGS

ആണ്‍കു‍ഞ്ഞ് വേണം, ആണ്‍കുഞ്ഞ് മതി എന്ന് വാശിപിടിക്കുന്ന ആളുകള്‍ ഇന്നും സമൂഹത്തിലുണ്ട്. പെണ്‍കുഞ്ഞ് ജനിക്കുന്നത് ബാധ്യതയാണെന്നും ജീവിതം മുന്നോട്ട് നീങ്ങണമെങ്കില്‍ ആണ്‍കുഞ്ഞ് തന്നെ വേണമെന്ന് കരുതുന്ന ഇത്തരം മാതാപിതാക്കള്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ വീണ്ടും വീണ്ടും ആണ്‍കുഞ്ഞിനായി ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ ശ്രമിച്ച് പത്ത് പെണ്‍കുട്ടികളുണ്ടായി 11മത് ജനിച്ച ആണ്‍കുട്ടിയുടെ ദുഃഖഭരിതമായ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

യുവാവിന്‍റെ പ്രസ്താവന പ്രകാരം യുവാവിന്‍റെ പിതാവിന് ആണ്‍കുഞ്ഞ് വേണമായിരുന്നു. അങ്ങനെ അയാള്‍ ഒരു ആണ്‍കുഞ്ഞിനായി വിവാഹത്തിന് പിന്നാലെ ശ്രമിച്ചു. എന്നാല്‍ പത്ത് തവണ ശ്രമിച്ചിട്ടും ഉണ്ടായത് പെണ്‍മക്കളായിരുന്നു. പതിനൊന്നമാത്തെ മകനായാണ് യുവാവ് ജനിച്ചത്. ആണ്‍കുഞ്ഞിനെ പ്രത്യേക പരിഗണന നല്‍കി പിതാവ് വളര്‍ത്തി. പക്ഷെ മകന് 13 വയസായപ്പോള്‍ പിതാവ് കാന്‍സര്‍ വന്ന് രോഗശയ്യയിലായി.തുടര്‍ന്ന് മരണക്കിടക്കയില്‍ മകനെ വിളിച്ച് തന്‍റെ പെണ്‍മക്കളെയെല്ലാം വിവാഹം കഴിച്ചേല്‍പ്പിക്കേണ്ടത് സഹോദരനെന്ന നിലയില്‍ മകന്‍റെ കടമയാണെന്നും, അത് ചെയ്യണമെന്നും വാക്ക് പറയിപ്പിച്ചു. വികാരാധീനമായ നിമിഷമായതിനാല്‍ താന്‍ വിവാഹം നടത്തുമെന്ന് പിതാവിന് ഉറപ്പ് നല്‍കുകയും ചെയ്തു. 

പിതാവിന്‍റെ മരണശേഷം മകന്‍ പിതാവിന് കൊടുത്ത വാക്ക് ഓര്‍ത്തു. തുടര്‍ന്ന് പിതാവിന്‍റെ വാക്ക് പാലിക്കേണ്ടത് തന്‍റെ കടമയാണെന്ന് അവന്‍ ഉറച്ച് വിശ്വസിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ മൂന്ന് സഹോദരിമാരെ കടം വാങ്ങി യുവാവ് വിവാഹം കഴിപ്പിച്ചയച്ചു. നിലവില്‍ പ്രചരിക്കുന്ന വിഡിയോ പ്രകാരം യുവാവ് 33 ലക്ഷം രൂപ കടത്തിലാണ്. 

താന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നാണ് യുവാവ് ചോദിക്കുന്നത്. വാക്ക് കൊടുത്തുപോയി. ഇനി തന്‍റെ സഹോദരിമാരുടെയെല്ലാം വിവാഹം നടത്തി രണ്ടോ മൂന്നോ കോടി കടത്തിലായി അത് വീട്ടി വേണം തനിക്ക് വിവാഹമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമെന്നും യുവാവ് പറയുന്നു. 

ഏറെ വേദനയോടെയും കോപത്തോടെയുമാണ് യുവാവ് തന്‍റെ സാഹചര്യം വിശദീകരിക്കുന്നത്. വിഡിയോയ്ക്ക് താഴെ യുവാവിന് അനുകമ്പ പ്രകടിപ്പിച്ചും, പിതാവിനെ വിമര്‍ശിച്ചും നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അനാവശ്യമായി ആണ്‍കുഞ്ഞെന്ന് ചിന്തിച്ച് ആണ്‍മക്കളുടെ ജീവിതം കൂടിയാണ് നശിപ്പിക്കുന്നതെന്നടക്കം നിരവധി കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

A young man is facing immense financial hardship and emotional distress after his dying father made him promise to marry off all his ten sisters. This tragic story highlights the societal pressure for sons and the burden it places on families in India.