Image Credit: facebook.com/ActorSureshGopi

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ ഫോണിൽ ബന്ധപ്പെട്ടതായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സൗഹൃദ സംഭാഷണം എന്നതിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടേയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിജയ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.

‘ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ പ്രധാനമായും സംസാരിച്ചത്. കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസ്സോടെ, കൈകോർത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുനൽകി. പ്രിയ സഹോദരൻ, തമിഴ്നാട്  മുഖ്യമന്ത്രി ശ്രീ വിജയ്‌ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!’– സുരേഷ് ഗോപി കുറിച്ചു.

നേരത്തെയും വിജയ്‌യെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. അധികാരത്തിൽ കയറിയ ഉടൻ വിമർശിക്കുന്നത് ശരിയല്ലെന്നും സ്വയം പ്രവർത്തിച്ച് തെളിയിക്കാൻ വിജയ്‌യ്ക്ക് സമയം കൊടുക്കണമെന്നുമാണ് അദ്ദേഹം തമിഴ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം പറഞ്ഞത്. ‘മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കട്ടെ. സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് വിമർശിക്കുന്നത് ശരിയല്ല. ജനങ്ങൾ അദ്ദേഹത്തിന് അവസരം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ വിജയം നേടിയ പാർട്ടി കേരളത്തിൽ ആരംഭിക്കുന്നതിൽ എന്താണ് പ്രശ്നം? അദ്ദേഹം ആഗ്രഹിക്കുന്ന എവിടെയും വന്ന് തുടങ്ങട്ടെ’– സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 20 മിനിറ്റാണ് വിജയ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിക്കാൻ വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം. വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു. സർക്കാർ പരിപാടികളുടെ തുടക്കത്തിൽ സംസ്ഥാന ഗാനം ആലപിക്കാൻ അനുവദിക്കണമെന്നും വിജയ് അഭ്യര്‍ഥിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Union Minister Suresh Gopi revealed through a Facebook post that Tamil Nadu Chief Minister Joseph Vijay reached out to him over a phone call following Vijay's official meeting with Prime Minister Narendra Modi. Sharing a nostalgic photograph with the actor-turned-politician, Suresh Gopi stated that their conversation transcended basic pleasantries to focus on how they could collaboratively work toward national development. Both leaders pledged to work hand-in-hand with a shared vision for the holistic infrastructure growth of Kerala and Tamil Nadu, as well as the nation's overall progress. Defending the newly appointed Chief Minister against early criticism from the media, Suresh Gopi emphasized that the public has given Vijay a mandate, and he must be afforded adequate time to prove his administrative capabilities. Meanwhile, during his 20-minute dialogue with PM Modi in Delhi, CM Vijay raised critical state welfare matters, including the Mekedatu dam dispute, the recurring arrest of Tamil fishermen by the Sri Lankan Navy, and permissions for rendering the state anthem at official functions.