1. പൊലീസ് സ്റ്റേഷന്‍, 2 എഐ ചിത്രം

1. പൊലീസ് സ്റ്റേഷന്‍, 2 എഐ ചിത്രം

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിൽ നിന്ന് കാണാതായ 22കാരിയെ ഇന്ത്യ - പാക് അതിർത്തിക്കടുത്തെ ബാർമറില്‍ നിന്ന്  ജാർഖണ്ഡ് പൊലീസ് കണ്ടെത്തി. 2023-ൽ സിംദേഗ ജില്ലയിലെ കുർദേഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കുഗ്രാമത്തിൽ നിന്ന് ഒരു ഏജന്‍റ് വഴി ജോലിക്കായി യുവതിയെ ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് സിംദേഗ സ്വദേശിയെ പൊടുന്നനെ കാണാതായത്. 

എല്ലാം ട്രാപ്പായിരുന്നുവെന്നും, തന്നെ 3 ലക്ഷം രൂപയ്ക്ക് വിറ്റതാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരം യുവതി പൊലീസിനോട് വെളിപ്പെടുത്തി.  യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാർഖണ്ഡ് പൊലീസ്  അന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

യുവതിയെ കാണാതാകുന്നത് 2023ലാണ്. അന്ന് അയൽഗ്രാമത്തിലെ ഒരു വ്യാജ ഏജന്‍റ് വഴി ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ ആദ്യം ഡൽഹിയിലേക്ക് കൊണ്ടുപോയി. ഡൽഹിയിലെ ഒരു ഏജൻസി വഴിയാണ് യുവതി ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത്. ആ വീട്ടില്‍ താന്‍ അനുഭവിച്ചത് ക്രൂര പീഡനമായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

ജോലിഭാരവും കടുത്ത മാനസിക, ശാരീരിക പീഡനവും സഹിച്ച്  ദിവസങ്ങളോളം  അവളവിടെ പിടിച്ചുനിന്നെങ്കിലും,  അധികം വൈകാതെ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. ഭക്ഷണം പോലുമില്ലാതെ ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് സ്റ്റാൻഡില്‍ അലഞ്ഞു തിരിയവേയാണ്, മീററ്റിൽ നിന്നുള്ള ദമ്പതികൾ അവളെ കൂടെക്കൂട്ടിയത്. 

എന്നാല്‍ അവര്‍ ഇന്ത്യ - പാക്കിസ്താന്‍ അതിർത്തിക്കടുത്തുള്ള ബാർമറിലെ ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപയ്‌ക്ക് അവളെ വിൽക്കുകയായിരുന്നു. യുവതിയെ വിലയ്ക്ക് വാങ്ങിയ കുടുംബം നിരന്തരം അവളെ പീഡിപ്പിച്ചു. അവള്‍ തടവിലാക്കപ്പെട്ടു. ഈ സമയം യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചെന്നും ഡിഎസ്‌പി രൺവീർ സിംഗ് വെളിപ്പെടുത്തി. 

ഫോണ്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു യുവതി. ഇതിനിടെ, ആ കുടുംബം ദൂരയാത്രയ്ക്ക് പോയ തക്കത്തില്‍ അയല്‍പക്കത്ത് എവിടെ നിന്നോ ഒരു ഫോണ്‍ വാങ്ങി അമ്മയെ വിളിച്ച് തനിക്ക് ഇത്രയും കാലമുണ്ടായ മോശം അനുഭവം അവൾ വിവരിക്കുകയായിരുന്നു. 

തുടർന്ന് മെയ് 20 ന് 22കാരിയുടെ മാതാപിതാക്കൾ സിംദേഗയിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് (എഎച്ച്ടിയു) പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. അതിന്‍റെ അടിസ്ഥാനത്തിൽ, ഒരു പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. സ്ത്രീയെ ബാർമറിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുവന്നതായി ഡിഎസ്പി പറഞ്ഞു.

ENGLISH SUMMARY:

A 22-year-old woman, who went missing years ago from Rajasthan, has been found by Jharkhand police near the India-Pakistan border in Barmer. She revealed shocking details of being trafficked and sold for ₹3 lakh, having endured severe abuse and imprisonment.