Untitled design - 1

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ അഭിനന്ദിച്ച് നടന്മാരായ കമൽഹാസനും വിശാലും. 

ക്ഷേത്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടുത്ത് സ്ഥിതി ചെയ്യുന്ന മദ്യ വിൽപ്പന ശാലകൾ പൂട്ടണമെന്ന തമിഴ് കുടുംബങ്ങളുടെ ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. മദ്യ വിൽപ്പന ഒരു സർക്കാർ പ്രവർത്തനമായി മാറാന്‍ പാടില്ല. സര്‍ക്കാരാണ് മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത്. 717 മദ്യ വിൽപ്പന ശാലകൾ അടച്ചു. ഈ സംഖ്യ ഇനിയും ഉയര്‍ത്തണമെന്നും കമൽഹാസൻ വിജയെ പിന്തുണച്ചുകൊണ്ട് വ്യക്തമാക്കി. 

സ്കൂളുകൾക്കടുത്തുള്ള  മദ്യശാലകൾ അടക്കാനുള്ള വിജയുടെ പ്രഖ്യാപനത്തിന് നന്ദി എന്നായിരുന്നു വിശാലിന്റെ വാക്കുകള്‍. മദ്യവിൽപ്പനശാലകൾക്ക് മുന്നിലൂടെ വഴിനടക്കാൻ ബുദ്ധിമുട്ടിയ പെൺകുട്ടികൾക്കൊപ്പം ഞാനും നിങ്ങൾക്ക് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയുടെ ഈ സുപ്രധാന തീരുമാനത്തിലൂടെ തന്റെ മുഖത്തും മറ്റ് അനേകം മുഖങ്ങളിലും പുഞ്ചിരിയുണ്ടായി. താങ്കളുടെ ഗവൺമെന്റിനെ ഞാൻ സല്യൂട്ട് ചെയ്യുന്നുവെന്നും വിശാൽ പറഞ്ഞു. 

തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന്‍റെ (TASMAC) മദ്യവിൽപ്പനശാലകളാണ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. അധികാരമേറ്റ് ആദ്യ ദിവസങ്ങള്‍ക്കിടയിലുള്ള വിജയ്‌യുടെ ആദ്യത്തെ പ്രധാന നടപടിയാണിത്. തമിഴ്‌നാട് സർക്കാരിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ ആകെ 4,765 ടാസ്മാക് മദ്യവിൽപ്പനശാലകളുണ്ട്. ഇവയില്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട 717 എണ്ണത്തിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ്. 

നേരത്തേ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ കണ്ടെത്താന്‍ ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ENGLISH SUMMARY:

Tamil Nadu liquor shops near educational institutions, bus stands, and places of worship are being closed following a directive from Chief Minister M.K. Stalin. This significant move, which involves shutting down 717 TASMAC outlets, has garnered praise from prominent actors like Kamal Haasan and Vishal, highlighting a positive step towards addressing public concerns.