aiadmk-denies-support-vijay

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് അണ്ണാ ഡിഎംകെ. ടിവികെയെ അണ്ണാ ഡിഎംകെ പുറത്ത് നിന്ന് പിന്തുണച്ചേക്കുമെന്നും എന്ന വാര്‍ത്തകളാണ് മുൻ മന്ത്രി കെ.പി.മുനിസാമി തള്ളിയത്. 47 നിയുക്ത എംഎൽഎമാരും ടിവികെയ്ക്ക് പുറത്തു നിന്ന് പിന്തുണ നൽകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേവല ഭൂരിപക്ഷമില്ലാത്തതിൽ ടിവികെയ്ക്ക് സർക്കാർ രൂപീകരിയ്ക്കാൻ അനുമതി നൽകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയുടെ പ്രതികരണം.

അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാവായ മൈലം മണ്ഡലത്തില്‍ നിന്നും ജയിച്ച സി.വി ഷണ്‍മുഖമാണ് ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള ആശയം മുന്നോട്ടുവച്ചത്. പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ഇതിനെ പിന്തുണച്ചിരുന്നു എന്നുമാണ് വിവരം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി അണ്ണാ ഡിഎംകെ ടിക്കറ്റില്‍ ജയിച്ച ലീമ റോസ് പറഞ്ഞിരുന്നു. ടിവികെയ്ക്ക് അനുകൂലമായ ജനവിധി അംഗീകരിക്കുന്നതിനൊപ്പം പാര്‍ട്ടിയെ പ്രസക്തമാക്കി നിര്‍ത്തുകയാണ് ഇതിന് പിന്നിലെന്ന് മുതിര്‍ന്ന നേതാവ് ദേശീയ മാധ്യമത്തോട് പറയുകയുണ്ടായി. ബിജെപിയുമായുള്ള സഖ്യം വിടാനുള്ള അനുകൂലമായ സമയാണിതെന്നും പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തമിഴ്നാടിന്‍റെ 18ാം മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങൾ വേഗത്തിലാകുകയാണ് വിജയ്. നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ടിവികെ നീക്കത്തിന്‍റെ ഭാഗമായാണ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് വിജയ് അവകാശവാദം ഉന്നയിച്ചത്. എൻ.ആനന്ദ്, ആദവ് അർജുന അടക്കമുള്ള നേതാക്കൾക്ക് ഒപ്പം എത്തിയാണ് വിജയ് ഗവർണറെ കണ്ട് കത്ത് നൽകിയത്. എന്നാല്‍ 118പേരുടെ പിന്തുണ തെളിയിച്ചശേഷമേ അനുമതി നല്‍കാനാകൂയെന്ന് ഗവര്‍ണര്‍. നിലവില്‍ 118 പേരുടെ പിന്തുണ ഉറപ്പാക്കാനായിട്ടില്ലെന്നും ഗവര്‍ണര്‍. ഇതോടെ നാളെ സത്യപ്രതിജ്ഞ ഉണ്ടായേക്കില്ല. ഗവര്‍ണര്‍ നിയമോപദേശം തേടിയെന്നും വിവരം.

നിലവില്‍ 108 എംഎൽഎ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ദീർഘകാലമായുള്ള ഡിഎംകെ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ് പിന്തുണ നൽകിയതോടെ 113 പേരുടെ പിന്തുണയായിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നിയുക്ത കോൺഗ്രസ് എംഎൽഎമാരും പ്രവീൺ ചക്രവർത്തി, സെൽവപെരുന്തഗൈ അടക്കമുളള കോൺഗ്രസ്നേതാക്കളും പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തി വിജയ്‌യെ കണ്ടിരുന്നു. വർഗീയ ശക്തികളോട് കൂട്ട് കൂടരുതെന്ന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പ്, ലോക്സഭ- രാജ്യസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ടിവികെയുമായുള്ള സഖ്യം തുടരും. ഇതിനിടെ ടിവികെയ്ക്ക് പിന്തുണ നൽകിയ കോൺഗ്രസ് നടപടിയെ ഡിഎംകെ രൂക്ഷമായി വിമർശിച്ചു.

ENGLISH SUMMARY:

The AIADMK has officially denied reports suggesting it would provide outside support to Vijay’s Tamizhaga Vettri Kazhagam (TVK) to form the government in Tamil Nadu. Senior leader K.P. Munusamy clarified that no such decision has been made, despite internal discussions within the party led by figures like C.V. Shanmugam. This development comes as a major blow to Vijay, who had earlier met Governor Rajendra Vishwanath Arlekar to stake his claim as the 18th Chief Minister. The Governor has stood firm on his requirement for the TVK to provide written proof of 118 supporters, a mark the party currently falls short of by five seats, even with Congress support. Consequently, the highly anticipated swearing-in ceremony scheduled at the Nehru Indoor Stadium is likely to be delayed as the Governor seeks legal counsel. With TVK’s 108 MLAs and 5 from Congress bringing the total to 113, the political stalemate in Tamil Nadu continues as the party looks for the remaining numbers.