ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാൻ സെല്ലുലാർ ജയിലിൽ കഴിയവേ സവർക്കർ അഞ്ച് തവണ മാപ്പപേക്ഷകള്‍ നല്‍കിയെന്ന് കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍. പൂനെയിലെ പ്രത്യേക കോടതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ക്രിമിനൽ അപകീർത്തി കേസിന്റെ വാദത്തിനിടെയാണ് സത്യകിയുടെ പരാമര്‍ശങ്ങള്‍. 

ആന്‍ഡമാൻ സെല്ലുലാർ ജയിലിൽ കഴിയുമ്പോൾ സവർക്കർ അഞ്ച് തവണ ദയാഹർജികൾ സമർപ്പിച്ചിരുന്നു. എന്നാൽ അന്നത്തെ കാലത്ത് രാഷ്ട്രീയ തടവുകാർ പിന്തുടർന്നിരുന്ന ഒരു സാധാരണ നിയമനടപടി മാത്രമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലായിരുന്നപ്പോള്‍ സവര്‍ക്കര്‍ അഞ്ചുതവണ ദയാഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു എന്ന് സത്യമാണ്. സവര്‍ക്കര്‍ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ് സര്‍ക്കാരിന് സമാനമായ രീതിയില്‍ അപേക്ഷകള്‍ അയച്ചിട്ടുണ്ട്. സവര്‍ക്കര്‍ ദ്വിരാഷ്ട്ര ആശയം മുന്നോട്ടുവെച്ചതായി ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. അത് ശരിയല്ല. ദ്വിരാഷ്ട്ര തര്‍ക്കത്തെക്കുറിച്ച് സവര്‍ക്കര്‍ വസ്തുതാപരമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. യഥാര്‍ഥ ആശയം സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ നിര്‍ദേശിച്ചതാണ്. പശുവിനെ ഒരിക്കലും അദ്ദേഹം ദൈവമായി പരാമര്‍ശിച്ചിട്ടില്ല. അത് ഉപയോഗപ്രദമായ ഒരു മൃഗമാണ് എന്നാണ് പറഞ്ഞത്,' സത്യകി സവര്‍ക്കര്‍ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് ചേരാനായി സവർക്കർ അപ്പീല്‍ നല്‍കിയെന്ന ആരോപണം പൂര്‍ണമായും ശരിയല്ലെന്ന് സത്യകി പറഞ്ഞു. സവർക്കറുടെ പങ്ക് മനസ്സിലാക്കാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അന്ന് സൈന്യത്തിൽ ചേരുന്നതിലൂടെ ഇന്ത്യന്‍ യുവാക്കൾക്ക് സൈനിക പരിശീലനം, തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം, സൈന്യത്തിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നതിലുള്ള പരിചയം എന്നിവ നൽകുക എന്നതായിരുന്നു സവര്‍ക്കറിന്‍റെ ഉദ്ദേശ്യം. അങ്ങനെ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, അതിന് സ്വന്തമായി സായുധ സേന ഉണ്ടായിരിക്കും, സവര്‍ക്കറുടെ ദീര്‍ഘദൃഷ്ടിയുടെ ഫലമാണത്' സത്യകി സവര്‍ക്കര്‍ പറഞ്ഞു.

ENGLISH SUMMARY:

Savarkar mercy petitions were submitted five times while imprisoned in the Andaman Cellular Jail, as stated by his grandson Satyaki Savarkar. This was a common procedure for political prisoners during that era, and he also clarified Savarkar's stance on the two-nation theory and joining the British army.