ai-image-passenger

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

  • എസി കോച്ചുകളില്‍ കിടക്കവിരി മുതല്‍ ടാപ്പ് വരെ അടിച്ചുമാറ്റുന്നവര്‍
  • റെയില്‍വേയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
  • വിവരാവകാശ അപേക്ഷ പരിഗണിക്കാതെ തിരുവനന്തപുരം ഡിവിഷന്‍

1139 ബെഡ്ഷീറ്റുകള്‍, 138 തലയിണകള്‍, 129 ബ്ലാങ്കറ്റുകള്‍, 11,570 ടവലുകള്‍, 335 തലയിണ ഉറകള്‍... നക്ഷത്രഹോട്ടലുകളിലെ ഇന്‍വെന്‍ററി പട്ടികയല്ല, പാലക്കാട് ഡിവിഷന് കീഴിലുള്ള ട്രെയിനുകളിലെ എസി കോച്ചുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ കണക്കാണിത്. 2024 ഡിസംബര്‍ മുതല്‍ 2025 നവംബര്‍ വരെയുള്ള കാലയളവില്‍ ഈ ഒറ്റ ഡിവിഷനില്‍ മാത്രം 8.71 ലക്ഷം രൂപയുടെ മോഷണം നടന്നതായി ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസി കോച്ചില്‍ യാത്ര ചെയ്യുന്നവരെല്ലാം മാന്യന്മാരാണെന്ന ചിന്ത ഇനി വേണ്ടെന്ന് ചുരുക്കം!

ai-image-train-toilet

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

ബ്ലാങ്കറ്റും ബെഡ്ഷീറ്റും മാത്രമല്ല, ടോയ്‍ലറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ വരെ ഇളക്കിയെടുത്ത് കൊണ്ടുപോകുന്നവരുണ്ട്. അത് മിക്കവാറും സ്ഥിരം കള്ളന്മാര്‍ തന്നെയാകാം. 328 ടാപ്പുകള്‍, ശുചിമുറിയില്‍ ഉപയോഗിക്കുന്ന 3 ഹെല്‍ത്ത് ഫോസറ്റുകള്‍, 23 സ്റ്റീല്‍ മഗ്ഗുകള്‍, 5 സാധാരണ ഡസ്റ്റ് ബിന്‍, 4 സ്റ്റീല്‍ ഡസ്റ്റ് ബിന്‍ എന്നിവയെല്ലാം ഈ ചെറിയ കാലയളവില്‍ ഒറ്റ ഡിവിഷന്‍റെ പരിധിയിലുള്ള ട്രെയിനുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. നാല് ഫയര്‍ എക്സ്റ്റിംഗ്വിഷറുകള്‍ കൂടി ചേരുമ്പോഴേ പട്ടിക പൂര്‍ത്തിയാകൂ. തീയണക്കാനുള്ളതെങ്കിലും വച്ചിട്ട് പൊയ്ക്കൂടേ മാന്യന്മാരേ എന്ന് ചോദിച്ചുപോകും പട്ടിക കണ്ടാല്‍!

വിവരാവകാശനിയമപ്രകാരമാണ് പാലക്കാട് ‍‍ഡിവിഷനിലെ കണക്കുകള്‍ എടുത്തത്. എന്നാല്‍ തിരുവനന്തപുരം ഡിവിഷന്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ പോലും തയാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സേലം, തിരുച്ചിറപ്പള്ളി ഡിവിഷനുകളിലെ കണക്കുകളില്‍ പാലക്കാടിനോളമോ അതിലേറെയോ മോഷണങ്ങള്‍ കാണാം. 167 ടാപ്പുകള്‍ മോഷ്ടിച്ച കേസുകളിലെ പ്രതികളെ പിടികൂടി ശിക്ഷിച്ചിട്ടുണ്ടെന്ന് സേലം ഡിവിഷന്‍ അവകാശപ്പെടുന്നു. ഏതാനും മാസങ്ങളുടെ ജയില്‍വാസവും ചെറിയ തുക പിഴയുമൊക്കെയാണ് ശിക്ഷ. 17.14 ലക്ഷം രൂപയുടെ നഷ്ടമാണ് തിരുച്ചിറപ്പള്ളി ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ai-image-ac-coach

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

എസി കോച്ചുകളിലെ മോഷണം തുടര്‍ക്കഥയാകുകയും നഷ്ടം പെരുകുകയും ചെയ്തതോടെ റെയില്‍വേ പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേയിലെ തന്നെ വ്യത്യസ്ത വകുപ്പുകളും വിഭാഗങ്ങളുമാണ് ഓരോ ഇനങ്ങളും കൈകാര്യം ചെയ്യുന്നത്. ഓരോ യാത്രയ്ക്കുശേഷവും നഷ്ടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും പ്രതികളെ കണ്ടെത്താന്‍ വേഗത്തില്‍ നടപടി സ്വീകരിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. കരാറുകാരുമായുള്ള ധാരണയനുസരിച്ച് മോഷണം പോകുന്ന ‘ലിനന്‍’ (ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, തലയിണ, ടവല്‍ തുടങ്ങിയവ) വസ്തുക്കളുടെ നഷ്ടം അവരില്‍ നിന്ന് ഈടാക്കും.

From Blankets to Water Taps: Massive Thefts Uncovered in Railway AC Coaches:

Recent reports reveal a staggering scale of theft within AC coaches of the Palakkad Railway Division, with items worth ₹8.71 lakh stolen between December 2024 and November 2025. The missing inventory includes thousands of towels, bedsheets, and blankets, alongside essential fixtures like steel mugs, taps, and even fire extinguishers. While divisions like Tiruchirappalli reported even higher losses exceeding ₹17 lakh, authorities are now intensifying inspections and holding contractors accountable for missing linen. This trend highlights a troubling lack of civic sense among passengers, prompting the Railway Protection Force to take stricter legal action against offenders.