കടുത്ത വേനലില്‍ ഉത്തരേന്ത്യയാകെ ചുട്ടുപൊള്ളുകയാണ്. ഇതിനിടയ്ക്ക് ചൂടിനെ പ്രതിരോധിക്കാന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചൂടിനെ തടുക്കാന്‍ ഒരു ഉള്ളി എടുത്തു പോക്കറ്റിലിട്ടാല്‍ മതിയെന്നാണ് സിന്ധ്യ പറഞ്ഞത്. മധ്യപ്രദേശിലെ ശിവപുരിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സിന്ധ്യയുടെ നിര്‍ദേശം.
'എന്‍റെ കാറിൽ ഞാൻ എയർ കണ്ടീഷനിങ് ഉപയോഗിക്കാറില്ല, എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറുമില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ചോദിക്കുമ്പോൾ, 'ഇത് ചമ്പൽ സ്കിന്‍' എന്ന് ഞാൻ പറയും. മറ്റൊരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ, ഞാൻ കാണാന്‍ അൽപ്പം ചെറുപ്പമാണ്, പക്ഷേ എന്‍റെ ആത്മാവ് വളരെ പ്രായമായിരിക്കുന്നു.
നിങ്ങളുടെ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിക്കുക. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഇന്നത്തെ കാലത്ത് എല്ലാവരും പെട്ടികൾ ചുമക്കുന്നു. വാർത്താവിനിമയ മന്ത്രി ഉള്ളി ചുമക്കുന്നു. ഇതൊക്കെ പഴയ കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ, നമ്മൾ ഇവ മറക്കരുത്,' സിന്ധ്യ പറഞ്ഞു.
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നതിനിടെയാണ് സിന്ധ്യയുടെ പരാമര്‍ഷം. ഡൽഹിയിൽ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും യെല്ലോ അലേര്‍ട്ടാണ്. താപനില 45 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യപ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഉഷ്ണ തരംഗം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴര മുതൽ പന്ത്രണ്ടര വരെയാക്കി. ഒഡീഷയിൽ ഇന്ന് മുതൽ വേനൽ അവധി ആരംഭിച്ചു.