23 വര്‍ഷമായി കൈവെള്ളയിലായിരുന്ന ചാബഹാര്‍ തുറമുഖം ഇന്നുമുതല്‍ ഇന്ത്യക്ക് അന്യമാവുകയാണ്. ഉപരോധത്തില്‍ യു.എസ്. നല്‍കിയ ഇളവ് അവസാനിച്ചതോടെ തല്‍ക്കാലം ചാബഹാറില്‍ നിന്ന് ഇന്ത്യക്ക് പുറത്തുകടന്നേ മതിയാവു. പക്ഷേ 1200 കോടി രൂപയോളം മുതല്‍മുടക്കിയ, തന്ത്രപ്രധാന തുറമുഖം അങ്ങനെ വിട്ടുകളയാന്‍ ഇന്ത്യ തയാറല്ല. തല്‍ക്കാലം ഉടമസ്ഥാവകാശം ഇറാന്‍ കമ്പനിക്ക് നല്‍കി ഉപരോധത്തെ മറികടക്കാനാണ് ആലോചന
ചാബഹാറിന്‍റെ പ്രത്യേകത
പാക്കിസഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലേക്കും ഇന്ത്യക്ക് എത്തിപ്പെടാനുള്ള കവാടമാണ് ചാബഹാര്‍. വ്യാപാരത്തോടൊപ്പം പാക്കിസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന പ്രദേശം എന്ന നിലയില്‍ രാജ്യസുരക്ഷയിലും നിര്‍ണായകമായ ഇടം. ഷഹീദ് ബെഹസ്തി ടെര്‍മിനലിന്‍റെ വികസനവും നിയന്ത്രണവുമാണ് ഇന്ത്യ 2003 ല്‍ ഏറ്റെടുത്തത്. ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡിനാണ് അവകാശം. ചാബഹാറില്‍നിന്ന് അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് റോഡ്, റെയില്‍ സംവിധാനങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. ഏപ്രില്‍ 26 ന് ശേഷം ഉപരോധത്തില്‍ ഇളവ് തരാനാവില്ലെന്ന് വ്യക്തമാക്കി. ഇതേതുടര്‍ന്ന് കരാര്‍ പ്രകാരമുള്ള 120 ദശലക്ഷം ഡോളര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷംതന്നെ പൂര്‍ണമായി ഇറാന് നല്‍കുകയും ചെയ്തു. 2034 വരെ ചാബഹാറില്‍ ഇന്ത്യക്ക് നിയന്ത്രണാവകാശം ഉണ്ട് എന്നിരിക്കെയാണ് ഇപ്പോള്‍ തുറമുഖം കൈവിടുന്നത്
നയതന്ത്ര തലത്തിലും രാജ്യസുരക്ഷയിലും വെല്ലുവിളി
പാക്കിസ്ഥാനിൽ ചൈന വലിയ നിക്ഷേപത്തോടെ സജ്ജമാക്കുന്ന ഗ്വാദർ തുറമുഖം ചാബഹാറില്‍നിന്ന് ഏറെ അകലയല്ല. ഇന്ത്യ ഇറാനില്‍നിന്ന് പൂര്‍ണമായി പിന്‍മാറിയാല്‍ ചാബഹാറിലും ചൈന കണ്ണുവച്ചേക്കും. ഇപ്പോള്‍തന്നെ ഇറാന് വന്‍തോതില്‍ സാമ്പത്തിക പിന്തുണ നല്‍കുന്ന ചൈനയ്ക്ക് പദ്ധതി നല്‍കാന്‍ ഇറാനും തടസമുണ്ടാവില്ല. ഫലത്തില്‍ വ്യാപര ബന്ധത്തില്‍ ഉണ്ടാകുന്നതിനേക്കാള്‍ വലിയ ഭീഷണിയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടേണ്ടിവരിക.
ഇനിയെന്ത്
തുറമുഖത്തിന്‍റെ നിയന്ത്രണാവകാശമുള്ള ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡിന്‍റെ ഓഹരികള്‍ തല്‍ക്കാലം ഒരു ഇറാന്‍ കമ്പനിക്ക് കൈമാറാനാണ് ആലോചിക്കുന്നത്. ഭാവിയില്‍ യു.എസ്. ഉപരോധം പിന്‍വലിച്ചാല്‍ ചാബഹാര്‍ തിരികെ നല്‍കും എന്ന വ്യവസ്ഥയിലായിരിക്കും കൈമാറ്റം. അതായത് സാങ്കേതികമായി പിന്‍മാറുമ്പോഴും നിയന്ത്രണം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നില്ല. യു.എസില്‍ ഭരണമാറ്റമുണ്ടാവുകയോ ഉപരോധത്തില്‍ ഇളവ് ലഭിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് വീണ്ടും ചാബഹാറില്‍ നങ്കൂരമിടാം. ഇറാനും ഇത് എതിര്‍ക്കാനിടയില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ കമ്പനിക്ക് ഓഹരികള്‍ വില്‍ക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.