ഉത്തരേന്ത്യയില്‍ ട്രെയിനില്‍ സഞ്ചരിച്ചവര്‍ക്ക് പറയാനുള്ളത് ദുരിതത്തിന്‍റെ കഥകളായിരിക്കും. എസി അടക്കം ബുക്ക് ചെയ്ത സീറ്റുകളില്‍ അതിക്രമിച്ച് കയറുന്ന യാത്രികര്‍, എങ്ങും പാന്‍മസാല ചവച്ച് തുപ്പിയതിന്‍റെ പാടുകള്‍, പണം പിരിക്കാനെത്തുന്ന ട്രാന്‍സ് ജെന്‍ഡറുകള്‍ അടക്കം നിരവധി പ്രതികൂല അവസ്ഥകള്‍ നേരിടേണ്ടി വരും. ഈയടുത്ത് ബ്രിട്ടീഷ് പൗരനെ തുണിയുരിഞ്ഞ് ഭീഷണിപ്പെടുത്തിയ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെയടക്കം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മോശം വാര്‍ത്തകള്‍ മാത്രമല്ല നല്ല വാര്‍ത്തകളും ഇന്ത്യന്‍ ട്രെയിന്‍ യാത്രകളിലുണ്ടാവും. ഇത്തരത്തില്‍ ഇന്ത്യ മൊത്തം കറങ്ങിയ ഒരു കനേഡിയന്‍ ദമ്പതികള്‍ പങ്കുവച്ച ട്രെയിന്‍ യാത്രാ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 

എസി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാതിരുന്നതിനാലാണ് കിം ഗ്രീന്‍വുഡ് എന്ന കനേഡിയന്‍ യുവതി സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിനില്‍ കയറിയ കിമ്മും ഭര്‍ത്താവും തിരക്ക് കണ്ട് അന്തംവിട്ടു. ഒടുവില്‍ തങ്ങളുടെ ബെര്‍ത്ത് കണ്ടെത്തി അവര്‍ അവിട കിടക്കാന്‍ തുടങ്ങി. എന്നാല്‍ സമയമധികം കഴിഞ്ഞില്ല, ട്രെയിനില്‍ വിദേശികളെ കണ്ട ഇന്ത്യന്‍ കുട്ടികള്‍ കൗതുകത്തോടെ അവരെ സമീപിച്ചു. ഭര്‍ത്താവ് ഉറങ്ങുന്നത് നോക്കിനില്‍ക്കുന്ന കുട്ടികളെ കിം തന്‍റെ ക്യാമറയില്‍ പകര്‍ത്തി.

ഉറക്കത്തില്‍ നിന്നുണര്‍ന്ന ഭര്‍ത്താവ് കണ്ടത് തനിക്കും ചുറ്റും താന്‍ ഉറങ്ങുന്നത് സൂക്ഷമതയോടെ വീക്ഷിക്കുന്ന കുട്ടികളൊണ്. ഉടന്‍ തന്നെ ഇയാള്‍ കുട്ടികളുമായി സൗഹൃദത്തിലാവുകയും അവരെ കളിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ കംപാര്‍ട്ട്മെന്‍റിലെ മുഴുവന്‍ കുട്ടികളും കളിയില്‍ പങ്കുചേരാനെത്തി. കുട്ടികള്‍ ദമ്പതികളുമായി ചപ്പാത്തിയും ചട്ണിയും പങ്കുവച്ചു. ഒരു കുഞ്ഞിനെ കിം തന്‍റെ കൈകളിലെടുത്ത് ഉറക്കുന്നതും വിഡിയോയില്‍ കാണാം.

ഏഴുമണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഒരു കുട്ടി ട്രെയിനില്‍ നിന്ന് അമ്മയുടെ കൂടെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കനേഡിയന്‍ ദമ്പതികളെ വിട്ടുപിരിയുന്നതില്‍ സങ്കടം കാണിക്കുന്ന കുട്ടിയെ തമാശ കാണിച്ച് കിമ്മിന്‍റെ ഭര്‍ത്താവ് ചിരിപ്പിക്കുന്നതിലൂടെയാണ് വിഡിയോ അവസാനിക്കുന്നത്. 

ENGLISH SUMMARY:

Indian train travel can be a mixed bag of experiences, from challenging to heartwarming. A recent viral story highlights the latter, featuring a Canadian couple's delightful train journey in India.