delimitation-protest-dmk-1606

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ (Delimitation) നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ഡിഎംകെ കരിദിനം ആചരിക്കുന്നു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലും പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും കരിങ്കൊടി ഉയർത്തും. വനിതാ സംവരണത്തിന്റെ മറവിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.

 പ്രതിഷേധത്തിന്റെ ഭാഗമായി പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ രണ്ട് കിലോമീറ്റർ നീളുന്ന കൂറ്റൻ മാർച്ച് സംഘടിപ്പിച്ചു. ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, മക്കൾ നീതി മയ്യം (MNM) സ്ഥാപകൻ കമൽഹാസൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം മാർച്ചിൽ പങ്കെടുത്തു.

വനിതാ സംവരണത്തോട് ഡിഎംകെയ്ക്ക് എതിർപ്പില്ലെന്നും എന്നാൽ അതിനെ സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സ്റ്റാലിൻ പറഞ്ഞു. ദശാബ്ദങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പിലാക്കിയത് കരുണാനിധിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രതിഷേധ സൂചകമായി 'കോലം' വരച്ചും കരിങ്കൊടി ഉയർത്തിയും തമിഴ്‌നാട്ടിലെ സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കുചേരുണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം തമിഴ്‌നാടിന്റെ നിലനിൽപ്പാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കറുത്ത വസ്ത്രം ധരിച്ചാണ് കമൽഹാസൻ മാർച്ചിൽ പങ്കെടുത്തത്. "വനിതാ സംവരണം എന്ന ചെറുമീനിനെ ചൂണ്ടയിൽ കോർത്ത് മണ്ഡല പുനർനിർണയം എന്ന വലിയ അപകടം ഒളിച്ചുകടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. തമിഴ്‌നാട് പല മേഖലകളിലും ഒന്നാം സ്ഥാനത്താണ് എന്നത് കേന്ദ്രത്തിന് കയ്പേറിയ സത്യമായിരിക്കാം." - കമൽഹാസൻ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണവും വിദ്യാഭ്യാസവും കാര്യക്ഷമമായി നടപ്പിലാക്കിയ തമിഴ്‌നാടിനെ ശിക്ഷിക്കുന്ന രീതിയിലുള്ള മണ്ഡല പുനർനിർണയം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും വ്യക്തമാക്കി. തമിഴ്‌നാട് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വനിതാ ക്ഷേമ പദ്ധതികൾ വലിയ വിജയമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

The delimitation protest in Tamil Nadu is being observed today by the DMK, raising concerns about the central government's move. This protest highlights the alleged attempt to reduce Tamil Nadu's political representation under the guise of women's reservation.