AI Generated Image

AI Generated Image

TOPICS COVERED

രാജ്യത്ത് കുറഞ്ഞ നിരക്കിൽ വോയിസ്, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊബൈൽ റീചാർജ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ്. ഡാറ്റ സേവനങ്ങൾ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഗുണകരമാവും. പാർലമെന്റിൽ താൻ നടത്തിയ ഇടപെടലിന് ഫലം കണ്ടുവെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

കോടിക്കണക്കിന് സാധാരണ ഉപഭോക്താക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് 2026 മാർച്ച് 11-ന് ലോക്സഭയിൽ ഉന്നയിച്ചത്. ഡാറ്റ ഉപയോഗിക്കാത്തവർക്കും നിർബന്ധിതമായി ഡാറ്റാ ഉൾപ്പെടുത്തിയ ഉയർന്ന നിരക്കുള്ള പ്ലാനുകൾ എടുക്കേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് ലോക്സഭയിലെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തിൽ ടെലികോം സഹമന്ത്രി അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് സഭയിൽ ഉറപ്പു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ട്രായ് രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ കുറഞ്ഞ നിരക്കിൽ വോയിസ്, എസ്‌എം‌എസ് സേവനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊബൈൽ റീചാർജ് പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി. 

2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ഇത് പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാകും. സാധാരണ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അവർക്ക് ആവശ്യമായ സേവനങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി എന്റെ ഇടപെടൽ ഫലപ്രദമായതിൽ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുന്‍പ് ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് ഓഫറിനെതിരെയും കൊടിക്കുന്നില്‍ സുരേഷ് നീക്കം നടത്തിയിരുന്നു. എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് നിർബന്ധമായും 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന ചൂഷണത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 

ENGLISH SUMMARY:

TRAI mandates low-cost mobile recharge plans in India that include only voice and SMS services, benefiting customers who do not require data. This decision, influenced by MP Kodikunnil Suresh's intervention in Parliament, aims to provide affordable options for ordinary citizens.