gujarat-theft

Ai Generated Image

ഗുജറാത്തില്‍ 54കാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഇന്ദ്രദ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. മാര്‍ച്ച് 20ന് ശാരദാബെന്‍ താക്കോര്‍ എന്ന 54കാരിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് ചെവിയും അറുത്തെടുത്ത നിലയിലായിരുന്നു മൃതദേഹം.

ശാരദാബെന്നിനെ കാണാതായതോടെ കുടുംബം നടത്തിയ തിരച്ചിലിനൊടുവിലാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. അടുത്തുളള സവിത അമൃത് ഫാമിലേക്ക് ശാരദാബെന്‍ കയറിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെങ്കിലും പുറത്തേക്ക് വരുന്നതില്ല. ഇതില്‍ സംശയം തോന്നിയ കുടുംബം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍, ഫാമില്‍ നാരകം നില്‍ക്കുന്നതിനടുത്തായി മണ്ണിളകിക്കിടക്കുന്നതായി കണ്ടെത്തി. അവിടെ കുഴിച്ച് പരിശോധിച്ചതോടെ ശാരദാബെന്നിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം ശാരദാബെന്നിന്‍റെ ശരീരത്ത് നിന്നും രണ്ട് ചെവികളും മുറിച്ചുമാറ്റി നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൂടാതെ ശാരദാബെന്നിന്‍റെ ശരീരത്തുണ്ടായിരുന്ന ആഭരണങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നില്‍ മോഷണശ്രമമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

മൃതദേഹം പുറത്തെടുത്ത് 10 മണിക്കൂറിനുളളില്‍ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തി. മോഷ്ടിച്ച വെളളി പാദസരം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി സച്ചിന്‍കുമാര്‍ മുകുന്ദ്ഭായി ദന്ദാനി പിടിയിലായത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. ഏകദേശം 4.40 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ പ്രതി ശാരാദബെന്നില്‍ നിന്നും മോഷ്ടിച്ചിരുന്നു. ഇതില്‍ 3.40 ലക്ഷം രൂപയുടെ ആഭരണങ്ങളും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. പ്രതി സച്ചിന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. 

ENGLISH SUMMARY:

In Gujarat, a 54-year-old woman was found murdered and buried, with her ears severed, sparking a brutal crime investigation. The discovery of Shardaben Takor's body, along with the subsequent arrest of the accused for jewelry theft, points to a robbery-motivated killing.