പടിഞ്ഞാറൻ ഏഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ഇന്ധനക്ഷാമം പരിഹരിക്കാൻ ഊർജിത നടപടികളുമായി കേന്ദ്ര സർക്കാർ. എല്‍പിജി, പെട്രോൾ, ഡീസൽ, രാസവളം എന്നിവയുടെ വിതരണം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് ഇന്നലെ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി. ലഭ്യമായ ഇന്ധനം കാര്യക്ഷമമായി വിതരണം ചെയ്യാനുള്ള മാർഗങ്ങൾ യോഗം ചർച്ചചെയ്തു.
ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ എല്‍പിജി എത്തും എന്നാണ് കരുതുന്നത്. ഇന്നലെ യു.എസിൽ നിന്നുള്ള കപ്പൽ മംഗലാപുരം തുറമുഖത്ത് എത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് വർധിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ പിടിച്ചു നിൽക്കാം എന്നും കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു. ഹോർമുസിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ കപ്പലുകൾക്കു കൂടി യാത്രയ്ക്ക് ഉടൻ അനുമതി ലഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ 48 മണിക്കൂറിനകം ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന യു.എസിന്റെ മുന്നറിയിപ്പും ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കുമെന്ന ഇറാന്റെ ഭീഷണിയും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചത്.