ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വധത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. 

യുഎസ് – ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാൻ എംബസി സന്ദർശിച്ചു. അനുശോചന പുസ്തകത്തിൽ ഒപ്പുവച്ചു. ഖമനയ് വധത്തിലെ രാജ്യത്തിന്‍റെ അനുശോചനം ഇറാനെ അറിയിച്ചു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫത്താലിയുമായി കൂടിക്കാഴ്ച നടത്തി.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫോണ്‍ സംഭാഷണം നടത്തി. ഖമനേയി വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമ‍ർശനം ഉയർത്തിയിരുന്നു. ഖമനയി വധത്തിലെ കേന്ദ്ര സർക്കാർ മൗനം നിഷ്പക്ഷതയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ നടന്ന കൊലപാതകത്തിൽ സോണിയ ഗാന്ധി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഖമനയിയുടെ മരണത്തില്‍ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുശോചനം അറിയിച്ചിരുന്നു. യുദ്ധപ്രഖ്യാപനം നടത്താതെ ഖമേനിയെ ലക്ഷ്യം വച്ചുള്ള അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക ആക്രമണത്തെ കോണ്‍ഗ്രസ് അപലപിക്കുകയും ചെയ്തിരുന്നു. അതേസമയം, ഇറാനെതിരെ ചില ബിജെപി നേതാക്കള്‍ പരസ്യമായി രംഗത്തുവരുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

India has expressed condolences following the death of Iran's Supreme Leader, Ayatollah Ali Khamenei. The country's response has drawn criticism from political parties like Congress, who have questioned the central government's silence on the matter.