പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ അംബാസഡറുമായ എച്ച്.കെ.ദുവ വിടവാങ്ങി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെത്തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വ്യാഴാഴ്ച ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.
ഇന്ത്യയിലെ പ്രധാന ഇംഗ്ലിഷ് ദിനപത്രങ്ങളുടെ എഡിറ്റോറിയല്‍ മേധാവിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അപൂര്‍വവ്യക്തിത്വമാണ് എച്ച്.കെ.ദുവ. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ് ട്രിബ്യൂണ്‍ തുടങ്ങിയ പത്രങ്ങളുടെ വികാസത്തിന്‍റെ നെടുംതൂണായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി എക്കാലവും ശക്തമായി വാദിച്ചിട്ടുള്ള ദുവ രാജ്യസംഭാംഗമായും പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള സര്‍ഗോധയില്‍ 1937 ജൂലൈ ഒന്നിനാണ് ഹരികൃഷ്ണന്‍ ദുവ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ പത്രപ്രവര്‍ത്തനരംഗത്ത് കഴിവുതെളിയിച്ച അദ്ദേഹം 1987ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ എഡിറ്ററായി. 1994ല്‍ എഡിറ്റര്‍–ഇന്‍–ചീഫ് പദവിയില്‍ ഇന്ത്യന്‍ എക്സ്പ്രസിലേക്ക് മാറി. 2001ല്‍ ഇന്ത്യയുടെ ഡെന്‍മാര്‍ക്ക് അംബാസഡറായി നിയോഗിക്കപ്പെട്ടു. 2003ല്‍ തിരിച്ചെത്തിയശേഷം ദ് ട്രിബ്യൂണിന്‍റെ എഡിറ്റര്‍–ഇന്‍–ചീഫ് ആയി. 2009 വരെ ആ പദവിയില്‍ തുടര്‍ന്നു. 2008ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
അടല്‍ ബിഹാരി വാജ്‌പേയ്, എച്ച്.ഡി.ദേവഗൗഡ എന്നിവര്‍ പ്രധാനമന്ത്രിമാരായിരിക്കേ അവരുടെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേശകസമിതി അംഗം എന്ന നിലയിലും തിളങ്ങി. ഒട്ടേറെ പ്രധാന പാര്‍ലമെന്‍ററി സമിതികളിലും ദുവ അംഗമായിരുന്നു. പഞ്ചാബ് സര്‍വകലാശാലയും കുരുക്ഷേത്ര സര്‍വകലാശാലയും ഡിലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. എച്ച്.കെ.ദുവയുടെ നിര്യാണത്തില്‍ രാഷ്ട്രീയ, നയതന്ത്ര, സാമൂഹിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ അനുശോചിച്ചു.